യു എ ഇ: റമദാനുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

featured GCC News

റമദാനുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി. പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി പരിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ വിവിധ മേഖലകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ ഇതിന്റെ ഭാഗമായി NCEMA അറിയിച്ചിട്ടുണ്ട്.

മാർച്ച് 16-ന് വൈകീട്ടാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പ്രത്യേക പത്രസമ്മേളനത്തിൽ NCEMA വക്താവ് ഡോ. സൈഫ് അൽ ദഹിരിയാണ് ഇവ പ്രഖ്യാപിച്ചത്. വൈറസ് വ്യാപനം തടയുന്നതിനായി ആളുകൾ ഒത്ത് ചേരുന്ന സാഹചര്യങ്ങൾ പരമാവധി നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ് NCEMA അറിയിച്ചിട്ടുള്ളത്.

ഈ വർഷത്തെ റമദാനുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ:

  • രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്‍കാരം പുനരാരംഭിക്കും. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പള്ളികളിൽ ഈ പ്രാർത്ഥനകൾ അനുവദിക്കുന്നത്. പരമാവധി 30 മിനിറ്റ് സമയമാണ് പ്രാർത്ഥനകൾക്കായി അനുവദിക്കുന്നത്.
  • കുടുംബങ്ങളിലും മറ്റുമുള്ള ഇഫ്താർ സംഗമങ്ങൾ, മറ്റു ഒത്ത് ചേരലുകൾ എന്നിവ ഒഴിവാക്കാൻ നിർദ്ദേശം.
  • കുടുംബങ്ങൾ തമ്മിൽ ഭക്ഷണം വിതരണം ചെയ്യുന്നതും, ഭക്ഷണ സാധനങ്ങൾ കൈമാറുന്നതും ഒഴിവാക്കേണ്ടതാണ്.
  • ഒരേ വീടുകളിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങൽ തമ്മിൽ മാത്രമാണ് ഭക്ഷണ സാധനങ്ങൾ കൈമാറുന്നതിന് അനുമതി നൽകിയിട്ടുള്ളത്.
  • കുടുംബങ്ങൾ, സംഘടനകൾ എന്നിവർ സംഘടിപ്പിക്കുന്ന ഇഫ്‌താർ ടെന്റുകൾക്ക് അനുമതിയില്ല.
  • പള്ളികളിൽ ഇഫ്‌താർ വിരുന്നുകൾ അനുവദിക്കില്ല.
  • റെസ്റ്ററന്റുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിലോ, അവയുടെ പരിസരങ്ങളിലോ ഇഫ്‌താർ ഭക്ഷണപ്പൊതികളുടെ വിതരണം അനുവദിക്കില്ല.
  • തൊഴിലാളികളുടെ താമസയിടങ്ങളിൽ ഇഫ്‌താർ ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡങ്ങളോടെ അനുമതി നൽകും. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുമായി സംയുക്തമായി മാത്രമാണ് വിതരണം അനുവദിക്കുന്നത്. സമൂഹ അകലം കർശനമായി ഉറപ്പാക്കേണ്ടതാണ്.

രാജ്യത്തെയും, ആഗോളതലത്തിലെയും സാഹചര്യങ്ങൾക്കനുസൃതമായി ഈ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും NCEMA വ്യക്തമാക്കി. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾ എല്ലാത്തരം ഒത്ത് ചേരലുകളിൽ നിന്നും വിട്ടുനിൽക്കണമെന്നും NCEMA ആവശ്യപ്പെട്ടു.

ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ NCEMA പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി റമദാനിലുടനീളം കർശനമായ പരിശോധനകൾ ഉണ്ടാകുമെന്ന് NCEMA മുന്നറിയിപ്പ് നൽകി. ഇത്തരം സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും NCEMA ജനങ്ങളെ ഓർമ്മപ്പെടുത്തി.