കുവൈറ്റ്: മോഡേർണ, ജെൻസൺ വാക്സിനുകൾ ലഭിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ആരോഗ്യ മന്ത്രാലയം

featured GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ ഉപയോഗിക്കുന്നതിനായി വാക്സിൻ ലഭ്യമാക്കുന്നതിന് മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുമായി കുവൈറ്റ് കരാറിലേർപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഷെയ്ഖ് ബാസൽ അൽ സബാഹ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡോ. ഷെയ്ഖ് ബാസൽ അൽ സബാഹ് ഇക്കാര്യം അറിയിച്ചത്. മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരിൽ നിന്നുള്ള വാക്സിൻ 2021 അവസാന പാദത്തോടെ കുവൈറ്റിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിൻ ലഭ്യതയിൽ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന വാക്സിനുകളുടെ 75 ശതമാനവും പത്ത് രാജ്യങ്ങളാണ് ഉപയോഗിക്കുന്നതെന്നും, ബാക്കി വാക്സിനുകളാണ് മറ്റു രാജ്യങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈറ്റ് മാത്രമല്ല മറ്റു ജി സി സി രാജ്യങ്ങളും വാക്സിൻ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ഡോസ് ആസ്ട്രസെനേക്ക വാക്സിൻ കുത്തിവെപ്പ് ലഭിക്കേണ്ടവർക്ക് ആവശ്യമായ വാക്സിൻ നിലവിൽ കുവൈറ്റിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ വാക്സിൻ സംബന്ധിച്ച് നിർമ്മാതാവ് നൽകേണ്ടതായ പ്രീ-ടെസ്റ്റ് രേഖകൾ ലഭിച്ചിട്ടില്ലെന്നും, ഈ രേഖകൾ ജൂൺ 8-ന് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ രേഖകൾ കൃത്യമായി ലഭിക്കുന്ന പക്ഷം രണ്ടാം ഡോസ് വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്ന 2 ലക്ഷത്തോളം പേർക്ക് 10 ദിവസത്തിനകം കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.

എന്നാൽ ഈ പരിശോധനയുടെ ഫലങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്നവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പായി ഫൈസർ വാക്സിൻ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്ട്രസെനേക്ക വാക്സിനിന്റെ ഒരു ബാച്ച് മെയ് 10-ന് കുവൈറ്റിൽ എത്തിയിരുന്നു. എന്നാൽ ഇതോടൊപ്പം ലഭിക്കേണ്ട ഏതാനം രേഖകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഈ ബാച്ച് ഇതുവരെ ആരോഗ്യ മന്ത്രാലയം ഉപയോഗിച്ചിട്ടില്ല.

Kuwait News Agency