രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ യു എ ഇ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. 2022 ഫെബ്രുവരി 2-ന് നടന്ന നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയുടെ (NCEMA) പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും, വാക്സിനേഷൻ കേന്ദ്രങ്ങളിലും ഈ പ്രായവിഭാഗക്കാർക്കുള്ള വാക്സിൻ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ പ്രായവിഭാഗക്കാരുടെ രക്ഷിതാക്കളോട് വാക്സിനേഷൻ ലഭിക്കുന്നതിനുള്ള ബുക്കിംഗ് പൂർത്തിയാക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
രണ്ട് ഡോസുകളായാണ് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. ആദ്യ ഡോസ് കുത്തിവെപ്പിനും, രണ്ടാമത്തെ ഡോസ് കുത്തിവെപ്പിനും ഇടയിൽ 21 ദിവസത്തെ ഇടവേളയോടെയാണ് ഈ വാക്സിൻ നൽകുന്നത്.
പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ യു എ ഇ നേരത്തെ ആരംഭിച്ചിരുന്നു. രാജ്യത്ത് മൂന്ന് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകുന്നതിനും യു എ ഇ നേരത്തെ അംഗീകാരം നൽകിയിട്ടുണ്ട്.
എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) 2022 ഫെബ്രുവരി 1-ന് അറിയിച്ചിരുന്നു.