യു എ ഇ: സംഘടിത ഭിക്ഷാടനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

UAE

രാജ്യത്ത് ഭിക്ഷാടനവും, സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ചുള്ള ഒരു ബോധവത്കരണ വിഡീയോ സന്ദേശം പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

ഏപ്രിൽ 20-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിനായി അപേക്ഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളെ ഭിക്ഷാടനമായി കണക്കാക്കുന്നതാണ്. ഒന്നിലധികം ആളുകൾ ഒത്ത് ചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് സംഘടിത ഭിക്ഷാടനത്തിന്റെ പരിധിയിൽ വരുന്നതാണ്.

രാജ്യത്ത് ഭിക്ഷാടനം നടത്തുന്നതിന് പിടിക്കപ്പെടുന്നവർക്ക് 5000 ദിർഹം പിഴയും, മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പൂർണ്ണ ആരോഗ്യവാന്മാരും, വരുമാന സ്രോതസുകളുള്ളവരും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. സഹായങ്ങൾ ലഭിക്കുന്നതിനായി ശാരീരിക പീഡകൾ അഭിനയിക്കുകയോ, സ്വയം വരുത്തുകയോ ചെയ്യുന്നവർക്കും, ആളുകളെ കബളിപ്പിക്കുന്നതിനായി മറ്റു മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഭിക്ഷാടനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നവർക്കും, ഇതിനായി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആളുകളെ ഉപയോഗിക്കുന്നവർക്കും ആറ് മാസം വരെ തടവും, ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സംഘടിത ഭിക്ഷാടനത്തിനായി വിദേശരാജ്യങ്ങളിൽ നിന്നുള്ളവരെ യു എ ഇയിൽ എത്തിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കുന്നതാണ്. സംഘടിത ഭിക്ഷാടക സംഘങ്ങളുടെ ഭാഗമായി ഭിക്ഷാടനം നടത്തുന്നവർക്ക് 5000 ദിർഹം പിഴയും, മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കുന്നതാണ്.