യു എ ഇ: മയക്കുമരുന്ന് വാങ്ങുന്നതിനായി പണമിടപാട് നടത്തുന്നതിനുള്ള ശിക്ഷ വിശദമാക്കി പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

GCC News

രാജ്യത്ത് മയക്കുമരുന്ന് വസ്തുക്കൾ വാങ്ങുന്നതിനായി പണമിടപാട് നടത്തുന്നവർക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി. യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിൽ നൽകിയ ഒരു അറിയിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം, രാജ്യത്ത് മയക്കുമരുന്നുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ലഹരി പദാര്‍ത്ഥങ്ങൾ എന്നിവയുടെ വ്യക്തിപരമായ ഉപയോഗത്തിനായോ, മറ്റു രീതിയിലുള്ള ദുരുപയോഗത്തിനായോ പണമിടപാടുകൾ നടത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

രാജ്യത്ത് മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടുള്ള 2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 30-ലെ ആർട്ടിക്കിൾ 64 പ്രകാരം, “ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യുകയോ, വ്യക്തിപരമായി ഉപയോഗിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ പണം സ്വയം ഉപയോഗിക്കുകയോ, മറ്റു വ്യക്തികൾക്ക് കൈമാറുകയോ, സ്വീകരിക്കുകയോ ചെയ്താൽ”, അത്തരം വ്യക്തികൾക്ക് 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ തടവോ ശിക്ഷയായി ചുമത്തപ്പെടുന്നതാണ്.

WAM