യു എ ഇ: പ്രതിഫലം സ്വീകരിച്ച് കൊണ്ട് നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനുള്ള ശിക്ഷ സംബന്ധിച്ച അറിയിപ്പ്

GCC News

രാജ്യത്ത് പ്രതിഫലം സ്വീകരിച്ച് കൊണ്ട് തെറ്റായ വിവരങ്ങൾ, നിയമവിരുദ്ധമായ ഉള്ളടക്കം എന്നിവ പ്രസിദ്ധീകരിക്കുന്നതിനുള്ള ശിക്ഷ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021-ലെ യു എ ഇ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 34-ന്റെ ആർട്ടിക്കിൾ 55 അനുസരിച്ച്, വിവരസാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിനോ പുനഃപ്രസിദ്ധീകരിക്കുന്നതിനോ പകരമായി നേരിട്ടോ അല്ലാതെയോ ആനുകൂല്യങ്ങൾ (പാരിതോഷികങ്ങൾ, പ്രത്യക്ഷമായതോ, അല്ലാത്തതോ ആയ എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങൾ ഉൾപ്പടെ) ആവശ്യപ്പെടുകയോ, സ്വീകരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയ്ക്കും, ഇരുപത് ലക്ഷം ദിർഹം വരെ പിഴയും, തടവും ശിക്ഷയായി ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ഇത്തരത്തിൽ നിയമവിരുദ്ധമായി സ്വീകരിച്ച പാരിതോഷികങ്ങൾ (അല്ലെങ്കിൽ സ്വീകരിച്ച ആനുകൂല്യത്തിന് തുല്യമായ മൂല്യമുള്ള പിഴ) അധികൃതർ കണ്ട് കെട്ടുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

യു എ ഇയിൽ ഇത്തരത്തിൽ തെറ്റായതോ, കുറ്റകരമായതോ ആയ ഉള്ളടക്കം അടങ്ങിയ ഒരു ഓൺലൈൻ അക്കൗണ്ടിന്റെയോ, വെബ്‌സൈറ്റിന്റെയോ പ്രവർത്തനം നിയന്ത്രിക്കുകയോ, മേൽനോട്ടം വഹിക്കുകയോ, അല്ലെങ്കിൽ അത്തരം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഒരു പരസ്യ ഇടം വാടകയ്‌ക്കെടുക്കുകയോ, വാങ്ങുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഇതേ പിഴ ബാധകമാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ, കുറ്റകരമായ ഉള്ളടക്കം എന്നിവ ആവർത്തിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു വെബ്‌സൈറ്റ്, ഓൺലൈൻ അക്കൗണ്ട് എന്നിവ കുറ്റകരമാണെന്ന് അധികൃതർ വിധിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

WAM