രാജ്യത്ത് തട്ടിക്കൊണ്ട് പോകൽ ഉൾപ്പടെ വ്യക്തികളുടെ സ്വാതന്ത്ര്യം ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. 2022 മാർച്ച് 16-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിൽ ഇക്കാര്യം പങ്ക് വെച്ചത്.
യു എ ഇ ഫെഡറൽ നിയമം ’31/ 2021′-ലെ ആർട്ടിക്കിൾ 395 പ്രകാരം നിയമവിരുദ്ധമായി ഒരു വ്യക്തിയെ തടങ്കലിൽ വെക്കുകയോ, ബന്ധിക്കുകയോ, തട്ടിക്കൊണ്ട് പോകുകയോ ചെയ്യുന്നവരെ നിയമനടപടികൾക്കായി താത്‌കാലികമായി കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾ തനിച്ചോ, മറ്റു വ്യക്തികളെ ഉപയോഗപ്പെടുത്തിക്കൊണ്ടോ ചെയ്യുന്നവർക്ക് ഈ നിയമം ബാധകമാണ്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് താഴെ പറയുന്ന സാഹചര്യങ്ങളിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നതാണ്:
- ഒരു പൊതുപ്രവർത്തകനായി ആൾമാറാട്ടം നടത്തിയോ, ഒരു പൊതുസേവനത്തിന്റെ ഭാഗമാണെന്ന് നടിച്ചുകൊണ്ടോ ഇത്തരം പ്രവൃത്തി ചെയ്യുന്നവർ.
- ഉപജാപം അല്ലെങ്കിൽ ബലപ്രയോഗം, വധഭീഷണി, ശാരീരികമോ മാനസികമോ ആയ കഠിനമായ പീഡനം അല്ലെങ്കിൽ ശാരീരികമോ മാനസികമോ ആയ പീഡിപ്പിക്കൽ എന്നീ പ്രവർത്തികളാൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന സാഹചര്യത്തിൽ.
- ആയുധധാരികളായ രണ്ടോ അതിലധികമോ വ്യക്തികൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന സാഹചര്യത്തിൽ.
- ഇത്തരത്തിൽ നിയമവിരുദ്ധമായി ഒരു വ്യക്തിയെ ഒരു മാസത്തിലധികം കാലത്തേക്ക് തടങ്കലിൽ വെക്കുകയോ, ബന്ധിക്കുകയോ, തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ.
- ഇത്തരം പ്രവർത്തനങ്ങൾക്കിരയാകുന്ന വ്യക്തി ഒരു സ്ത്രീയോ, പ്രായപൂർത്തിയാകാത്ത ആളോ, മാനസികവൈകല്യമോ, വൈകല്യമോ ഉള്ള വ്യക്തിയോ ആണെങ്കിൽ.
- ലാഭം, പ്രതികാരം, ഇരയെ ബലാത്സംഗം ചെയ്യുക, അപമാനിക്കുക മുറിവേൽപ്പിക്കുക, അല്ലെങ്കിൽ ഇരയെക്കൊണ്ട് ഒരു കുറ്റം ചെയ്യാൻ നിർബന്ധിക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ച് കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സാഹചര്യത്തിൽ.
- ഒരു പൊതുപ്രവർത്തകനെതിരെ അയാളുടെ ചുമതലകൾ നിർവഹിക്കുന്ന സമയത്തോ, ചുമതലകൾ തടഞ്ഞുകൊണ്ടോ ഇത്തരം പ്രവർത്തനങ്ങൾ ചെയ്താൽ.
ഇത്തരം പ്രവർത്തനങ്ങൾ ഇരയുടെ മരണത്തിന് കാരണമാകുന്ന സാഹചര്യത്തിൽ ഇതിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തികൾക്ക് വധശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്കും, തട്ടിക്കൊണ്ട് പോയ വ്യക്തിയെ ഒളിവിൽ പാർപ്പിക്കാൻ സഹായിക്കുന്ന വ്യക്തികൾക്കും മേൽപ്പറഞ്ഞ നിയമങ്ങൾ ബാധകമാണ്.