രാജ്യത്ത് ലൈസൻസില്ലാതെ പണം പിരിക്കുന്നതിനുള്ള ശിക്ഷാ നടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. 2023 ഏപ്രിൽ 5-ന് രാത്രിയാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഊഹാപോഹങ്ങൾ തടയുന്നതിനും, സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുമുള്ള ‘2021/ 34’ നിയമത്തിലെ ആർട്ടിക്കിൾ 41 അനുസരിച്ച്, വ്യാജ കമ്പനികളുടെ പേരിലോ, മറ്റു മാർഗങ്ങളിലൂടെയോ ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള ലൈസൻസ് കൂടാതെ, നിക്ഷേപാവശ്യങ്ങൾക്കും, മറ്റുമായി പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്ന പ്രവർത്തനങ്ങൾ ഏർപ്പെടുന്നവർക്കും, ഇതുമായി ബന്ധപ്പെട്ട് മത്സരങ്ങളും, ക്രിപ്‌റ്റോകറൻസി ഇടപാടുകളും പ്രോത്സാഹിപ്പിക്കുവർക്കും, ഇത്തരം ഇടപാടുകളിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്നവർക്കും അഞ്ച് വർഷം വരെ തടവും, രണ്ടര ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇത്തരത്തിൽ പിരിച്ചെടുത്ത തുക തിരിച്ച് കൊടുക്കുന്നതിനുള്ള ഉത്തരവിറക്കാൻ കോടതിയ്ക്ക് അധികാരമുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. പൊതുസമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിയമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവരുടെ അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അറിയിപ്പ്.
With inputs from WAM.