യു എ ഇ: മറ്റുള്ളവരെ ശാരീരികമായി ആക്രമിക്കുന്നവർക്കുള്ള ശിക്ഷകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

UAE

രാജ്യത്ത് മറ്റുള്ളവരെ ശാരീരികമായി ആക്രമിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു ബോധവത്ക്കരണ വീഡിയോയിലൂടെ അറിയിപ്പ് നൽകി. യു എ ഇ ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 339 അനുസരിച്ച്, മറ്റൊരു വ്യക്തിയെ – അവർക്ക് രോഗങ്ങൾക്കിടയാക്കുന്ന രീതിയിലോ, അവർക്ക് ഇരുപത് ദിവസത്തേക്ക് തന്റെ വ്യക്തിപരമായ ജോലി നിർവഹിക്കാനാവാത്ത അവസ്ഥയിലേക്ക് നയിക്കുന്ന രീതിയിലോ – ഏതെങ്കിലും വിധത്തിൽ ശാരീരികമായി ആക്രമിക്കുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

https://twitter.com/UAE_PP/status/1424660066163113991

മുൻ ഖണ്ഡികയിൽ സൂചിപ്പിച്ച അളവിൽ ആക്രമണം നടന്നിട്ടില്ലെങ്കിൽ ഒരു വർഷം വരെ തടവും 10,000 ദിർഹത്തിൽ കൂടാത്ത പിഴയുമാണ് ശിക്ഷ. ഒരു ഗർഭിണിയായ സ്ത്രീക്ക് നേരെ ഗർഭം അലസിപ്പിക്കുന്ന രീതിയിൽ ആക്രമണം നടന്നാൽ, അത് വളരെ ഗൌരവമേറിയതായി പരിഗണിക്കുകയും, ശിഷ കഠിനവുമായിരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

നിയമപരമായ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും പൊതു അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

WAM