യു എ ഇ: അൽ ഹൊസൻ ആപ്പിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി; പുതുക്കിയ ആപ്പിൽ ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സ്റ്റാറ്റസ് രേഖപ്പെടുത്തും

featured GCC News

രാജ്യത്തെ COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 10-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ ഹൊസൻ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള ഉപഭോക്താവിന്റെ ആരോഗ്യ സ്റ്റാറ്റസ് പ്രതിഫലിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താവിന്റെ PCR പരിശോധനാ ഫലങ്ങൾ, COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് എന്നിവ പ്രകാരമാണ് ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സ്റ്റാറ്റസ് ആപ്പിൽ രേഖപ്പെടുത്തുന്നത്.

പച്ച, ചാരം, ചുവപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങൾ ഉപയോഗിച്ചായിരിക്കും ആപ്പിൽ ഈ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്. PCR പരിശോധനയിൽ ലഭിച്ച നെഗറ്റീവ് റിസൾട്ടിന്റെ സാധുത തീരുന്നത് വരെ പച്ച നിറത്തിലായിരിക്കും ആപ്പിൽ ഈ സ്റ്റാറ്റസ് പ്രതിഫലിക്കുന്നത്. ഇത്തരം പരിശോധനാഫലങ്ങളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ ആപ്പിൽ ചാരനിറത്തിൽ അത് പ്രതിഫലിക്കുന്നതാണ്. PCR പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സ്റ്റാറ്റസ് ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തുന്നതാണ്.

അൽ ഹൊസൻ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ വ്യക്തികളുടെ വാക്‌സിനേഷൻ വിവരങ്ങൾ, വാക്സിൻ സർട്ടിഫിക്കറ്റ്, യാത്രാ വിവരങ്ങൾ, QR കോഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തികൾക്ക് തങ്ങളുടെ രക്ഷിതാക്കൾ, കുട്ടികൾ എന്നിവരെ ആപ്പിലേക്ക് ഉൾപ്പെടുത്തുന്നതിനും സാധിക്കുന്നതാണ്.

2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അൽ ഹൊസൻ ആപ്പിൽ ഈ നവീകരണങ്ങൾ വരുത്തിയിട്ടുള്ളത്. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും, തങ്ങളുടെ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി, അൽ ഹൊസൻ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്നതിനും, ഇത്തരം യാത്രികർക്ക് ICA രജിസ്‌ട്രേഷനു അനുമതി നൽകാനും യു എ ഇ തീരുമാനിച്ചതായി NCEMA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് ‘Al Hosn’ ആപ്പിൽ രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, കഫെ, ജിം, വിനോദ കേന്ദ്രങ്ങൾ, കായികവിനോദ കേന്ദ്രങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾക്ക് പുറത്തുള്ള ചില്ലറവില്പനശാലകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്.