യു എ ഇ: വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് അമിതവിഷയാസക്തി പ്രചരിപ്പിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ

GCC News

രാജ്യത്ത് കംപ്യൂട്ടർ അല്ലെങ്കിൽ ഐടി നെറ്റ്‌വർക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അമിതവിഷയാസക്തി സംബന്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും, പ്രേരിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2022 മാർച്ച് 13-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള 2021-ലെ യു എ ഇ ഫെഡറൽ നിയമ നമ്പർ 34-ന്റെ ആർട്ടിക്കിൾ നമ്പർ 33 അനുസരിച്ച്, കമ്പ്യൂട്ടർ ശൃംഖലയോ വിവര സാങ്കേതിക വിദ്യയോ ഉപയോഗിച്ച് കൊണ്ട് വേശ്യാവൃത്തിയിലോ, ദുഷ്‌പ്രവർത്തികളിലോ ഏർപ്പെടാൻ മറ്റൊരാളെ പ്രേരിപ്പിക്കുകയോ, പ്രചോദിപ്പിക്കുകയോ ചെയ്യുന്നതും, ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായമേകുന്നതും കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് താൽക്കാലിക തടവോ രണ്ടര ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയോ ശിക്ഷയായി ലഭിക്കുന്നതാണ്.

ഇത്തരം പ്രവർത്തനങ്ങളിൽ ഇരയാകുന്ന വ്യക്തി ഒരു കുട്ടിയാണെങ്കിൽ, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് ഏറ്റവും കുറഞ്ഞത് അഞ്ച് വർഷം തടവോ, പരമാവധി പത്ത് ലക്ഷം ദിർഹം പിഴയോ ശിക്ഷ ലഭിക്കുന്നതാണ്. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിയമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവരുടെ അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അറിയിപ്പ്.

WAM