യു എ ഇ: തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

UAE

രാജ്യത്തെ തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്നതും, ഉപദ്രവിക്കുന്നതും ഉൾപ്പടെയുള്ള പെരുമാറ്റങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. തൊഴിലിടങ്ങളിൽ മാനസികവും, ശാരീരികവും, ലൈംഗികവുമായുള്ള എല്ലാ തരം പീഡനങ്ങളും 2022 ഫെബ്രുവരി 2-ന് രാജ്യത്ത് നിലവിൽ വന്നിട്ടുള്ള പുതിയ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 14 മൂലം നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഈ നിയമത്തിലെ ആർട്ടിക്കിൾ 14 (2) പ്രകാരം “ജീവനക്കാർക്ക് നേരെ തൊഴിലുടമയിൽ നിന്നോ, മാനേജരിൽ നിന്നോ, മറ്റു ജീവനക്കാരിൽ നിന്നോ ഉള്ള എല്ലാ തരം ഉപദ്രവങ്ങളും – ലൈംഗിക പീഡനം, ഭീഷണി, ശാരീരികവും, മാനസികവുമായ പീഡനം, വാക്കാലുള്ള അധിക്ഷേപം എന്നിവ ഉൾപ്പടെ – തൊഴിലിടങ്ങളിൽ അനുവദിക്കുന്നതല്ല.”, പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.