ഡിജിറ്റൽ തെളിവുകളിൽ കൃത്രിമത്വം കാണിക്കുന്നവർക്കും, മാറ്റങ്ങൾ വരുത്തുന്നവർക്കും കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രാജ്യത്ത് തെളിവുകളിൽ, ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ, കൃത്രിമത്വം കാണിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങൾക്ക് യു എ ഇയിൽ പിഴയും, തടവും ശിക്ഷയായി ലഭിക്കുന്നതാണ്. രാജ്യത്ത് സൈബർകുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ’34/2021′ എന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 18 അനുസരിച്ചാണ് ഈ ശിക്ഷാ നടപടി.
“വെബ്സൈറ്റുകൾ നടത്തുന്നവർ, കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിൽ അക്കൗണ്ടുകൾ ഉള്ളവർ, ഇമെയിൽ, അല്ലെങ്കിൽ മറ്റു വിവരസാങ്കേതിക സംവിധാനങ്ങളിൽ അക്കൗണ്ടുകൾ ഉള്ളവർ തുടങ്ങിയ വ്യക്തികൾ യു എ ഇ സൈബർ ക്രൈം നിയമങ്ങൾ അനുശാസിക്കുന്ന കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുകയോ, ഒളിപ്പിച്ച് വെക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, അത്തരം വ്യക്തികൾക്ക് ആറ് മാസം വരെ തടവും, രണ്ട് ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.”, പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.