രാജ്യത്ത് വ്യാജ ഇമെയിൽ അഡ്രസുകൾ, വെബ്‌സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ കുറ്റകരമാണെന്ന്, ഇത്തരം കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ച് കൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
2022 മാർച്ച് 22-നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പബ്ലിക് പ്രോസിക്യൂഷൻ പങ്ക് വെച്ചത്.
ഈ അറിയിപ്പ് അനുസരിച്ച്, കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുന്നതിനുള്ള 2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 34-ന്റെ ആർട്ടിക്കിൾ 11 പ്രകാരം, മറ്റൊരു വ്യക്തിയായി ആൾമാറാട്ടം നടത്തിക്കൊണ്ട്, വ്യാജ വെബ്‌സൈറ്റോ, ഓൺലൈൻ അക്കൗണ്ടോ, ഇ-മെയിലോ സൃഷ്‌ടിക്കുന്ന ഏതൊരു വ്യക്തിയും തടവിനും 50,000 ദിർഹത്തിൽ കുറയാത്തതും 200,000 ദിർഹത്തിൽ കൂടാത്തതുമായ പിഴക്കും, അല്ലെങ്കിൽ രണ്ട് ശിക്ഷകളിൽ ഒന്നിനും, വിധേയമായിരിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ആൾമാറാട്ടത്തിന് ഇരയാകുന്ന വ്യക്തിയെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ വ്യാജ വെബ്‌സൈറ്റോ ഓൺലൈൻ അക്കൗണ്ടോ ഇ-മെയിലോ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കുറഞ്ഞത് രണ്ട് വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കുന്നതാണ്. യു എ ഇയിലെ പൊതു സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയായി ചമഞ്ഞ് കൊണ്ട് ഇത്തരം വ്യാജ വെബ്‌സൈറ്റോ ഓൺലൈൻ അക്കൗണ്ടോ ഇ-മെയിലോ നിർമ്മിക്കുന്നവർക്ക് അഞ്ച് വർഷത്തിൽ കൂടാത്ത തടവും 200,000 ദിർഹത്തിൽ കുറയാത്ത പിഴയും 2,000,000 ദിർഹത്തിൽ കൂടാത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
WAM