മുഹമ്മദ് ബിൻ റാഷിദും മുഹമ്മദ് ബിൻ സായിദും ചേർന്ന് യു എ ഇ റെയിൽ പദ്ധതിക്ക് തുടക്കം കുറിച്ചു

GCC News

രാജ്യത്തുടനീളം ചരക്ക്സാധനങ്ങൾ എത്തിക്കുന്നതിനും, യാത്രികർക്ക് യാത്രാസേവനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഏറ്റവും വലിയ സംയോജിത സംവിധാനമായ യു എ ഇ റെയിൽവേ പ്രോഗ്രാം ആരംഭിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഈ പ്രഖ്യാപനമുണ്ടായത്.

യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതികളുടെ ദേശീയ ശൃംഖലയാണ് യു എ ഇ റെയിൽവേ പ്രോഗ്രാം. വരും ദശകങ്ങളിൽ യു എ ഇയിലെ റെയിൽവേ മേഖലയ്‌ക്കായി ഒരുക്കുന്ന ഒരു സംയോജിത നയത്തിന്റെ ഭാഗമാണ് ഈ പദ്ധതി. യു എ ഇയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വികസിപ്പിക്കാനുള്ള ലക്ഷ്യമിട്ട് ഒരുക്കിയിട്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യ ഘട്ടം 2016 മുതൽ പൂർണമായും പ്രവർത്തനക്ഷമമാണ്.

Source: Dubai Media Office.

യു എ ഇയുടെ വികസനം ത്വരിതപ്പെടുത്താനും,രാജ്യത്തെ എല്ലാ മേഖലകളിലും സമഗ്രമായ കേന്ദ്രമാക്കി മാറ്റാനും, പ്രതിഭകൾക്കുള്ള അനുയോജ്യമായ സ്ഥലമെന്ന പദവി സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള വികസനപരവും സാമ്പത്തികവുമായ പദ്ധതികളുടെ ഒരു പരമ്പരയായ ’50 പദ്ധതികളുടെ’ കീഴിലാണ് യു എ ഇ റെയിൽവേ പ്രോഗ്രാം ഉൾപ്പെടുന്നത്. ദുബായിലെ എക്‌സ്‌പോ 2020-ൽ നടന്ന 50-ന്റെ പദ്ധതികൾ ആഘോഷിക്കുന്ന പ്രത്യേക പരിപാടിയിലാണ് യു എ ഇ റെയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്.

സൗദി അറേബ്യയുടെ അതിർത്തിയിലുള്ള ഗുവൈഫാത്തിനെ കിഴക്കൻ തീരത്തെ ഫുജൈറ തുറമുഖവുമായി ബന്ധിപ്പിക്കുന്ന “ഇത്തിഹാദ് റെയിൽ” പദ്ധതിയുടെ ലക്ഷ്യങ്ങളും, ഘട്ടങ്ങളും ഈ പരിപാടിയിൽ ഉയർത്തിക്കാട്ടി. “അടുത്ത അമ്പത് വർഷത്തേക്ക് യൂണിയന്റെ ശക്തി ഏകീകരിക്കുന്നതിനുള്ള ഏറ്റവും വലിയ പദ്ധതിയാണ് ഇത്തിഹാദ് റെയിൽ. യുഎഇയിലെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

Source: Dubai Media Office.

“ദേശീയ റെയിൽവേ പ്രോഗ്രാം നമ്മുടെ ദേശീയ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള സംയോജനത്തിന്റെ യഥാർത്ഥ അർത്ഥം പ്രതിഫലിപ്പിക്കുന്നു; കാരണം ഫെഡറൽ, പ്രാദേശിക തലങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ പങ്കാളിത്തം ഞങ്ങൾ കാണുന്നു. ഇത് ഒരു ദേശീയ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനാണ്. രാജ്യത്തെ പ്രധാന വ്യവസായ-ഉൽപ്പാദന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനും പുതിയ വ്യാപാര പാതകൾ തുറക്കുന്നതിനും ജനസംഖ്യാ സഞ്ചാരം സുഗമമാക്കുന്നതിനും മേഖലയിലെ ഏറ്റവും വികസിത തൊഴിൽ, ജീവിത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിനും ഇത് ലക്ഷ്യമിടുന്നു”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റിലും അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ യു എ ഇയിലുടനീളമുള്ള ഗതാഗത സംവിധാനം റെയിൽ പാസഞ്ചർ സർവീസസ് വർദ്ധിപ്പിക്കുമെന്ന് ഈ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് ഇത്തിഹാദ് റെയിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷാദി മലക്ക് വ്യക്തമാക്കി.

യു എ ഇയിലെ പൊതുഗതാഗത സംവിധാനത്തെ ഇത്തിഹാദ് റെയിൽ പിന്തുണയ്ക്കുന്നുവെന്ന് ഇത്തിഹാദ് റെയിൽ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഖോലൂദ് അൽ മസ്‌റൂയി പറഞ്ഞു. നിലവിലെ ഘട്ടത്തിൽ 30 ദശലക്ഷം ടണ്ണിലധികം ഗ്രാന്യൂളേറ്റഡ് സൾഫർ (ഏകദേശം 2.8 ദശലക്ഷം ട്രക്ക് യാത്രകൾക്ക് തത്തുല്യമായത്) കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള പ്രധാന നാഴികക്കല്ലുകൾ കൈവരിക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി, വ്യവസായം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലെയും സാമ്പത്തിക വികസന ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഒരു സുസ്ഥിര റോഡ് ഗതാഗത സംവിധാനം വികസിപ്പിക്കുകയാണ് യു എ ഇ റെയിൽവേ പ്രോഗ്രാം ലക്ഷ്യമിടുന്നത്. യു എ ഇയുടെ എമിറേറ്റുകളെ ബന്ധിപ്പിച്ച് വിശ്വസനീയമായ ഗതാഗത സംവിധാനം ഒരുക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്.

യു എ ഇ റെയിൽവേ പ്രോഗ്രാമിന്റെ നിക്ഷേപം 50 ബില്യൺ ദിർഹമാണ്, ഇതിൽ 70 ശതമാനവും പ്രാദേശിക വിപണിയെ ലക്ഷ്യമിടുന്നു. 2030-ഓടെ റെയിൽവേ മേഖലയിലും അനുബന്ധ മേഖലകളിലും 9,000-ത്തിലധികം തൊഴിലവസരങ്ങൾ നൽകുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.

യു എ ഇ റെയിൽവേ പ്രോഗ്രാമിൽ മൂന്ന് പ്രധാന പദ്ധതികൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത്തിഹാദ് റെയിൽ ചരക്ക് സേവനങ്ങൾ ഉൾപ്പെടുന്ന ചരക്ക് റെയിൽ ആണ് ആദ്യ പദ്ധതി.

അൽ സിലയിൽ നിന്ന് ഫുജൈറയിലേക്ക് 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന റെയിൽ പാസഞ്ചർ സർവീസസ് ആണ് രണ്ടാമത്തെ പദ്ധതി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ റെയിൽ പാസഞ്ചർ യു എ ഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്. 2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം പ്രതിവർഷം 36.5 ദശലക്ഷത്തിലധികം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മൂന്നാമത്തെ പ്രോജക്റ്റ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ടേഷൻ സർവീസാണ്; അതിലൂടെ സ്മാർട്ട് ട്രാൻസ്‌പോർട്ടേഷൻ സൊല്യൂഷനുകളുടെ സംയോജനം ഉറപ്പാക്കാൻ ഒരു ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കും. യു എ ഇ നഗരങ്ങൾക്കുള്ളിലെ ഗതാഗതം സുഗമമാക്കുന്നതിന് ലൈറ്റ് റെയിൽ ശൃംഖല റെയിൽ പാസഞ്ചർ സിസ്റ്റവുമായി ബന്ധിപ്പിക്കും. കൂടാതെ, യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ, പോർട്ട്, കസ്റ്റംസ് സേവനങ്ങൾ എന്നിവ സമന്വയിപ്പിക്കുന്നതിനും സംയോജിത ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ നൽകുന്നതിനും സ്മാർട്ട് ആപ്ലിക്കേഷനുകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതാണ്.

WAM