റമദാൻ മാസത്തിൽ ക്ലാസ്സുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു. ഇത് പ്രകാരം ആഴ്ചതോറുമുള്ള ക്ലാസ്സുകളുടെ എണ്ണത്തിലും, ഓരോ പിരീഡുകളുടെ ദൈർഘ്യത്തിലും കുറവ് വരുത്തുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസ് പീരിഡുകളും 30 മിനിറ്റാക്കി ചുരുക്കും. എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഈ സമയക്രമത്തിൽ മാറ്റം ബാധകമാക്കിയിട്ടുണ്ട്.
റമദാനിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പഠന സമയം ലഘൂകരിക്കുന്നതിനായാണ് ഈ മാറ്റങ്ങൾ നടപ്പിലാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പഠനത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ക്ലാസുകൾ വൈകി ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
കിൻഡർഗാർട്ടൻ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 15 ക്ലാസ്സുകളാണ് ഉണ്ടാകുക. ഒന്ന് മുതൽ നാല് വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് ദിനവും 1.45 മുതൽ 3.25 വരെയായിരിക്കും ക്‌ളാസ്സുകൾ. ഇവർക്ക് ആഴ്ചയിൽ 15 പീരീഡുകളാണ് ഉണ്ടാകുക. അഞ്ച് മുതൽ എട്ട് വരെ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് രാവിലെ 11 മുതൽ 1.30 വരെയായിരിക്കും പഠന സമയം. ഇവർക്ക് ആഴ്ചയിൽ 17 ക്‌ളാസ്സുകൾ ഉണ്ടായിരിക്കും. ഒമ്പത് മുതൽ പന്ത്രണ്ട് വരെ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് 11 മുതൽ 2.05 വരെയായിരിക്കും പഠനസമയം.