യു എ ഇ: വിദേശികൾക്ക് കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

featured GCC News

വിദേശികൾക്ക് യു എ ഇയിലെ കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി അറിയിച്ചു. മെയ് 19-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഫെഡറൽ കൊമേർഷ്യൽ കമ്പനി നിയമത്തിൽ യു എ ഇ സർക്കാർ കഴിഞ്ഞ വർഷം അവസാനത്തോടെ പ്രഖ്യാപിച്ച മാറ്റങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ ഭേദഗതി പ്രകാരം, യു എ ഇയിലെ മെയിൻലാൻഡ് കമ്പനികളിൽ 100% വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്നതാണ്.

വാണിജ്യ സ്ഥാപനങ്ങളിലെ വിദേശ പങ്കാളിത്ത നിയമങ്ങൾ പുനർനിർണ്ണയിക്കുന്നതിനായി 2020 ഡിസംബറിലാണ് ഫെഡറൽ കൊമേർഷ്യൽ കമ്പനി നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി യു എ ഇ പ്രഖ്യാപിച്ചത്. ഈ പുതിയ നിയമങ്ങൾ 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ നിലവിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശങ്ങളിലും ഭേദഗതികൾ വരുത്തുന്നതിന് അനുവദിക്കുന്നതാണ്. യു എ ഇ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമല്ല.

2015-ലെ കൊമേർഷ്യൽ കമ്പനി നിയമം 2 പ്രകാരം, രാജ്യത്ത് പ്രവർത്തിക്കുന്ന യു എ ഇയിലെ ലിമിറ്റഡ് ലയബിലിറ്റി കമ്പനികളിൽ (LLC) വിദേശികൾക്ക് പരമാവധി 49 ശതമാനം പങ്കാളിത്തം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള നിയമ പ്രകാരം ബാക്കി വരുന്ന 51 ശതമാനം ഷെയറുകൾ ലോക്കൽ സ്പോൺസർ എന്ന നിലയിൽ ഒരു എമിറാത്തി പൗരനോ, 100 ശതമാനം എമിറാത്തി ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമോ കൈവശം വെക്കേണ്ടതാണ്. ഈ നിയമത്തിലാണ് 2021 ജൂൺ 1 മുതൽ ഭേദഗതി കൊണ്ടുവരുന്നത്.

WAM