രാജ്യത്തെ പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. നവംബർ 24-നാണ് NCEMA ഇക്കാര്യം അറിയിച്ചത്.
ജൂലൈ 1 മുതൽ രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനകൾക്കായി ഒത്ത് ചേരുന്നതിന് വിശ്വാസികൾക്ക് യു എ ഇ അനുവാദം നൽകിയിരുന്നെങ്കിലും, വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് ഒത്ത് ചേരാൻ അനുവദിച്ചിരുന്നില്ല. ഈ പുതിയ തീരുമാനത്തോടെ കർശനമായ സുരക്ഷാ നിർദ്ദേശങ്ങളോടെ വിശ്വാസികൾക്ക് വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുന്നതാണ്.
ഡിസംബർ 4 മുതൽ യു എ ഇയിലെ പള്ളികളിൽ പുനരാരംഭിക്കുന്ന വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ സംബന്ധിച്ച് NCEMA നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ:
- പള്ളികളിൽ പരമാവധി ഉൾക്കൊള്ളാനാകുന്നതിന്റെ 30 ശതമാനം വിശ്വാസികൾക്കാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പ്രവേശനാനുമതി നൽകുന്നത്.
- ഖുതുബയ്ക്ക് 30 മിനിറ്റിന് മുൻപാണ് പള്ളികൾ തുറക്കാൻ അനുമതി നൽകിയിട്ടുള്ളത്. പ്രാർത്ഥനകൾക്ക് ശേഷം 30 മിനിറ്റിനുള്ളിൽ പള്ളികൾ അടയ്ക്കേണ്ടതാണ്.
- ഖുതുബ, പ്രാർത്ഥന എന്നിവയ്ക്കായി 10 മിനിറ്റാണ് അനുവദിക്കുന്നത്.
- പള്ളികളിലെ അംഗശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ, ശുചിമുറികൾ എന്നിവ തുറക്കില്ല. വിശ്വാസികൾ അംഗശുദ്ധി വീടുകളിൽ നിന്ന് നിർവഹിക്കേണ്ടതാണ്.
- മറ്റു പ്രാർത്ഥനകൾക്ക് 15 മിനിറ്റിന് മുൻപാണ് പള്ളികൾ തുറക്കുന്നത്. മഗ്രിബ് പ്രാർത്ഥനകൾക്ക് 5 മിനിറ്റിന് മുൻപാണ് പള്ളികൾ തുറക്കുക. പ്രാർത്ഥനയ്ക്ക് ശേഷം 10 മിനിറ്റിനകം പള്ളികൾ അടയ്ക്കേണ്ടതാണ്.
- പള്ളികളിലെത്തുന്ന വിശ്വാസികൾ മാസ്കുകൾ ധരിക്കേണ്ടതാണ്.
- പ്രായമായവർ, രോഗബാധിതർ എന്നിവർ പള്ളികളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.