യു എ ഇ: ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് മെയ് 12 മുതൽ പ്രവേശനവിലക്ക് ഏർപ്പെടുത്തും

featured GCC News

2021 മെയ് 12, ബുധനാഴ്ച്ച മുതൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. NCEMA-യും യു എ ഇ സിവിൽ ഏവിയേഷൻ അതോറിറ്റിയും സംയുക്തമായാണ് ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.

ഈ തീരുമാന പ്രകാരം, മെയ് 12, ബുധനാഴ്ച്ച 23:59 മണിമുതലാണ് ഈ വിലക്ക് പ്രാബല്യത്തിൽ വരുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ട്രാൻസിറ്റ് യാത്രികർക്കും ഈ വിലക്ക് ബാധകമാണ്. എന്നാൽ യു എ ഇയിലൂടെ ഈ രാജ്യങ്ങളിലേക്ക് ട്രാൻസിറ്റ് ചെയ്യുന്ന വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.

ഈ വിലക്ക് പ്രാബല്യത്തിൽ വരുന്നതോടെ യു എ ഇയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന തീയ്യതിക്ക് 14 ദിവസം മുൻപ് ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും പ്രവേശനം അനുവദിക്കുന്നതല്ല. പ്രവേശനവിലക്കില്ലാത്ത മറ്റു രാജ്യങ്ങളിലൂടെ ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് സഞ്ചരിക്കുന്നവർക്ക്, ഇത്തരം രാജ്യങ്ങളിൽ ചുരുങ്ങിയത് 14 ദിവസം താമസിച്ച ശേഷം മാത്രമാണ് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

എന്നാൽ യു എ ഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചരക്ക് ഗതാഗതത്തിന് ഈ വിലക്ക് ബാധകമല്ല. പ്രത്യേക ഇളവ് അനുവദിച്ചിട്ടുള്ള യാത്രികരെ ഈ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്കും പ്രവേശനാനുമതി നൽകിയിട്ടുണ്ട്.

യു എ ഇ പൗരന്മാർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർ, പ്രത്യേക അനുമതിയുള്ള ഔദ്യോഗിക സന്ദർശകർ, ഗോൾഡൻ വിസകളിലുള്ളവർ, ബിസിനസ് ഫ്ലൈറ്റുകൾ എന്നിവയ്ക്കാണ് ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങളോടെ ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്. ഇവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവർക്ക് രാജ്യത്തേക്ക് പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽവെച്ച് PCR ടെസ്റ്റ്, 10 ദിവസത്തെ ക്വാറന്റീൻ എന്നിവയും, നാലാം ദിനത്തിലും, എട്ടാം ദിനത്തിലും വീണ്ടും PCR ടെസ്റ്റുകളും ഉണ്ടായിരിക്കുന്നതാണ്.

2021 ഏപ്രിൽ 25 മുതൽ സമാനമായ ഒരു തീരുമാനത്തിലൂടെ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് യു എ ഇ പ്രവേശനവിലക്കേർപ്പെടുത്തിയിരുന്നു. ഈ യാത്രാ വിലക്കുകൾ നിലവിൽ തുടരുകയാണ്. ഇന്ത്യയിൽ നിന്നുള്ളവർ നേപ്പാൾ, ശ്രീലങ്ക മുതലായ രാജ്യങ്ങളിലൂടെ യു എ ഇയിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നും പ്രവേശന വിലക്കേർപ്പെടുത്തിയതോടെ ഇത്തരം യാത്രകൾക്ക് തടസം നേരിടുന്നതാണ്.