രാജ്യത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും, അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി എമിറേറ്റ്സ് സ്കൂൾസ് ഫൗണ്ടേഷൻ അറിയിച്ചു. 2021 ഓഗസ്റ്റ് 29 മുതലാണ് 2021-2022 അധ്യയന വർഷം ആരംഭിക്കുന്നത്.
ജൂൺ 20, ഞായറാഴ്ച്ചയാണ് എമിറേറ്റ്സ് സ്കൂൾസ് ഫൗണ്ടേഷൻ ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരു പ്രത്യേക മാനദണ്ഡം നടപ്പിലാക്കുമെന്നും, ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് സംയുക്തമായി ഇത് നടപ്പിലാക്കുന്നതിന്റെ വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.
നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെങ്കിലും, വിദൂര രീതിയിലുള്ള പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നാണ് സൂചന. ഓരോ വിദ്യാലയങ്ങളിലെയും സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും ഫൗണ്ടേഷൻ അറിയിച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങളിലെ ഏതാണ്ട് 72 ശതമാനം ജീവനക്കാർ ഇതുവരെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായും ഫൗണ്ടേഷൻ വ്യക്തമാക്കി.
2021-2022 അധ്യയന വർഷത്തിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നതിനും, നേരിട്ടുള്ള പഠനരീതി പുനരാരംഭിക്കുന്നതിനുമുള്ള തീരുമാനത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി ജൂൺ 17-ന് അംഗീകാരം നൽകിയിരുന്നു.