അബുദാബി: COVID-19 വൈറസിന്റെ വായുവിലുള്ള സ്വഭാവസവിശേഷതകളെക്കുറിച്ച് ഖലീഫ യൂണിവേഴ്സിറ്റി ഗവേഷണം നടത്തുന്നു

UAE

COVID-19 വൈറസ് വായുവിലൂടെ പ്രകടമാക്കുന്ന സ്വഭാവസവിശേഷതകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഖലീഫ യൂണിവേഴ്‌സിറ്റിയും, അബുദാബി ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു. വായുവിലൂടെയുള്ള COVID-19 വൈറസിന്റെ സഞ്ചാര സാധ്യതകളെക്കുറിച്ചും, ഈ വൈറസിന് വായുവിൽ എത്ര നേരം തങ്ങാൻ കഴിയുമെന്നും സമഗ്രമായി മനസ്സിലാക്കുന്നതിനാണ് ഈ ഗവേഷണം ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി, ഇരു സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ COVID-19 വൈറസിന്റെ വായുവിലൂടെയുള്ള സഞ്ചാരം, വായുവിൽ തങ്ങുന്നതിനുള്ള കഴിവ് എന്നിവ പഠനവിധേയമാക്കുന്നതും, ഇവ അടിസ്ഥാനമാക്കി സമഗ്രമായ ഒരു മാതൃക തയ്യാറാക്കുന്നതുമാണ്. ആശുപത്രികളിലും മറ്റും സുരക്ഷിതമായ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും, രോഗവ്യാപന സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനും, മാസ്കുകളുടെയും, മറ്റു PPE ഉപകരണങ്ങളുടെയും ഫലപ്രാപ്തി കൃത്യമായി അളക്കുന്നതിനും ഈ ഗവേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചകങ്ങൾ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഗവേഷണത്തിന്റെ ഭാഗമായി മനുഷ്യർ തുമ്മുകയും, ചുമയ്ക്കുകയും ചെയ്യുമ്പോൾ സൂക്ഷ്‌മകണികകള്‍ വായുവിലൂടെ സഞ്ചരിക്കുന്നത് അനുകരിക്കുന്നതിനായി സിലിക്കൺ നാനോ കണികകൾ കൊണ്ട് നിർമ്മിച്ച ഒരു സ്രവം സ്പ്രേ ചെയ്യുകയും, ഇതിന്റെ വായുവിലെ സഞ്ചാരം പഠനവിധേയമാക്കുകയും ചെയ്യുന്നു. ഈ സൂക്ഷ്‌മകണികകളെ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് കൊണ്ട് വീക്ഷിക്കുന്നതിലൂടെ ഗവേഷകർക്ക് കണികകളുടെ സഞ്ചാര സ്വഭാവവും, വ്യാപനവും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അബുദാബി ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ തയ്യാറാക്കിയിട്ടുള്ള പ്രത്യേക പ്രതിമകളെ ഉപയോഗിച്ച് കൊണ്ടാണ് ഈ മാതൃക ഗവേഷകർ പരീക്ഷിക്കുന്നത്.