യു എ ഇ: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സുസ്ഥിര ജീവിതരീതികൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം

featured GCC News

കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ യു എ ഇയിലെ എല്ലാ നിവാസികളോടും സുസ്ഥിര വർഷ ടീം ആഹ്വാനം ചെയ്തു. ഇക്കാര്യം അഭ്യർത്ഥിച്ച് കൊണ്ട് ‘ഇയർ ഓഫ് സസ്റ്റൈനബിലിറ്റി: ടുഡേ ഫോർ ടുമാറോ’ എന്ന പേരിൽ ഒരു വീഡിയോ സുസ്ഥിര വർഷ ടീം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് 2023 സുസ്ഥിര വർഷമായി പ്രഖ്യാപിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി, ഈ വർഷം ഉടനീളം, ഉത്തരവാദിത്ത ഉപഭോഗത്തിലും, പരിസ്ഥിതി സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് പൊതുജനങ്ങൾക്കിടയിൽ സുസ്ഥിരമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദേശീയ സംരംഭം ലക്ഷ്യമിടുന്നു. ഈ സമ്പ്രദായങ്ങൾ അവലംബിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി വർഷം മുഴുവനും വിവിധ പ്രവർത്തനങ്ങൾ ഈ സംരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വീഡിയോയിലൂടെ സുസ്ഥിര വർഷ ടീം പൊതുജനങ്ങളോട് അവരുടെ ദിനചര്യകളിൽ സുസ്ഥിരമായ സമ്പ്രദായങ്ങൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിനായി പരിസ്ഥിതി സൗഹൃദ ഗതാഗതമാർഗങ്ങൾ തിരഞ്ഞെടുക്കൽ, മാലിന്യം കുറയ്ക്കൽ, ജലവും ഊർജവും സംരക്ഷിക്കൽ, വീട്ടിൽ ചെടികൾ നട്ടുവളർത്തൽ തുടങ്ങിയ ശീലങ്ങൾ ജീവിതത്തിൻറെ ഭാഗമാക്കാനും, ഈ പ്രവർത്തനങ്ങളിൽ ഒരുമിച്ച് ഏർപ്പെടുന്നതിലൂടെ കാലാവസ്ഥ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഈ വീഡിയോ ആഹ്വാനം ചെയ്യുന്നു.

ചുവന്ന മാംസം കഴിക്കുന്നത് കുറയ്ക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ നടപ്പിലാക്കുന്നതിലൂടെ, കാലാവസ്ഥാ പ്രവർത്തനത്തിൽ നല്ല സ്വാധീനം ചെലുത്താൻ നമ്മൾ സ്വയം പ്രാപ്തരാകുന്നു എന്ന് ഇയർ ഓഫ് സസ്‌റ്റൈനബിലിറ്റി സ്ട്രാറ്റജിക് ഡിജിറ്റൽ മാനേജർ മറിയം അൽമെറൈഖി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

WAM