ദുബായ്: മിറക്കിൾ ഗാർഡൻ പന്ത്രണ്ടാം സീസൺ ആരംഭിച്ചു

featured GCC News

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം സീസൺ 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച മുതൽ ആരംഭിച്ചു.

എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അത്യന്തം ആകർഷകമായ അനുഭവങ്ങളാണ് സന്ദർശകർക്കായി മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം സീസണിൽ ഒരുക്കിയിരിക്കുന്നത്.

Source: Dubai Media Office.

മിറക്കിൾ ഗാർഡന്റെ പത്താം സീസണിൽ ആരംഭിച്ച, കുട്ടികൾക്കായുള്ള ‘ദി സ്മർഫസ്’ എന്ന കോമിക് കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരുക്കിയിട്ടുള്ള ‘സ്മർഫ് വില്ലേജ് അട്രാക്ഷൻ ഏരിയ’ എന്ന പേരിലുള്ള പ്രത്യേക ഇടം ഈ സീസണിലും സന്ദർശകർക്ക് മറക്കാനാകാത്ത അനുഭവങ്ങൾ നൽകുമെന്ന് ഉറപ്പാണ്.

സ്മർഫ് കോമിക്കുകളിൽ കണ്ട് വരുന്ന നിരവധി കൂൺ രൂപത്തിലുള്ള വീടുകൾ സന്ദർശകർക്ക് പര്യവേക്ഷണം നടത്താവുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ‘സ്മർഫ് മഷ്‌റൂം വില്ലേജ്’ പന്ത്രണ്ടാം സീസണിന്റെ ഭാഗമായി കൂടുതൽ നിർമ്മിതികൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിച്ചിട്ടുണ്ട്. ഇത്തവണ കുടുംബങ്ങൾക്കും, കുട്ടികൾക്കും ഈ സ്മർഫ് ഏരിയയിൽ വിശ്രമിക്കുന്നതിനും, ഫോട്ടോ എടുക്കുന്നതിനും കൂടുതൽ ഇടം ലഭിക്കുന്നതാണ്.

Source: Dubai Media Office.

ഇതിന് മുൻപ് കാണാത്ത രീതിയിലുള്ള പുഷ്പാലങ്കാരങ്ങൾ, പൂക്കളാൽ തീർത്ത മായികകാഴ്ചകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി സന്ദർശകരുടെ വിവിധ ഇന്ദ്രിയങ്ങളിൽ അനുഭൂതിയേകുന്ന നിരവധി അനുഭവങ്ങൾ മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് സമയം ചെലവഴിക്കുന്നതിനുള്ള നിരവധി ഭക്ഷണശാലകളും, രുചി അനുഭവങ്ങളും മിറക്കിൾ ഗാർഡന്റെ പതിനൊന്നാം സീസണിൽ ഒരുക്കിയിട്ടുണ്ട്.

Source: Dubai Media Office.

മിറക്കിൾ ഗാർഡന്റെ മുൻ സീസണുകളിൽ സന്ദർശകരുടെ മനം കവർന്ന ആകർഷണങ്ങളായ കുടുംബങ്ങൾക്ക് വിശ്രമിക്കുന്നതിനായി പൂക്കൾ കൊണ്ട് ഒരുക്കിയിരിക്കുന്ന തുരങ്കങ്ങൾ, അതിനൂതനമായ 3-D വാട്ടർ ആൻഡ് ലൈറ്റിംഗ് പ്രദർശനങ്ങൾ തുടങ്ങിയവ ഈ വർഷവും ഉൾപ്പെടുത്തിയിട്ടുണ്ട്. മിറക്കിൾ ഗാർഡനിൽ നിലവിലുള്ള പൂക്കളാൽ തീർത്ത എമിറേറ്സ് A380 വിമാനം ഇത്തവണയും സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.

പതിനൊന്നാം സീസണിന്റെ അതിഗംഭീരമായ വിജയത്തിന് ശേഷമാണ് ഇപ്പോൾ മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം സീസൺ ആരംഭിച്ചിരിക്കുന്നത്. ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യേക കാഴ്ചകളും മിറക്കിൾ ഗാർഡന്റെ പതിനൊന്നാം സീസണിൽ ഉൾപ്പെടുത്തിയിരുന്നു.

മിറക്കിൾ ഗാർഡൻ പ്രവർത്തന സമയം:

  • തിങ്കൾ മുതൽ വെള്ളി വരെ: രാവിലെ 9.00 – രാത്രി 9.00 വരെ.
  • ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ: രാവിലെ 9.00 – രാത്രി 11.00 വരെ.

കൂടുതൽ വിവരങ്ങൾ https://www.dubaimiraclegarden.com/ എന്ന വിലാസത്തിൽ ലഭിക്കുന്നതാണ്.

Cover Image: Dubai Media Office.