ഏറെ പുതുമകളോടെ ദുബായ് മിറക്കിൾ ഗാർഡൻ പതിനൊന്നാം സീസൺ ആരംഭിച്ചു

featured GCC News

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പതിനൊന്നാം സീസൺ 2022 ഒക്ടോബർ 10 മുതൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്വദേശികളും, വിദേശികളുമായ സന്ദർശകർക്ക് ദുബായ് മിറക്കിൾ ഗാർഡനിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

പുതിയ സീസണിൽ എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അത്യന്തം ആകർഷകമായ അനുഭവങ്ങളാണ് സന്ദർശകർക്കായി മിറക്കിൾ ഗാർഡൻ ഒരുക്കിയിരിക്കുന്നത്.

ദുബായ് മിറക്കിൾ ഗാർഡന്റെ സ്ഥാപകനും, മാനേജിങ്ങ് ഡയറക്ടറുമായ എൻജിനീയർ അബ്ദെൽ നാസർ റഹാൽ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ മി. ഫാഹിമുദ്ദിൻ എന്നിവർ ചേർന്നാണ് പതിനൊന്നാം സീസൺ ഉദ്‌ഘാടനം ചെയ്തത്.

Source: Dubai Miracle Garden.

“പതിനൊന്നാം സീസണിനായി ദുബായ് മിറക്കിൾ ഗാർഡൻ തുറന്ന് കൊടുക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. യു എ ഇയിലെ തന്നെ ഏറ്റവും പ്രധാന ആകർഷങ്ങളിലൊന്ന് എന്ന രീതിയിൽ ദുബായിലെ ടൂറിസം മേഖലയ്ക്ക് നൽകുന്ന സംഭാവനകളിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്.”, പുതിയ സീസൺ ഉദ്ഘാടനം ചെയ്തു കൊണ്ട് എൻജിനീയർ അബ്ദെൽ നാസർ റഹാൽ അറിയിച്ചു.

Source: Dubai Media Office.

“ഓരോ വർഷവും കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. മിറക്കിൾ ഗാർഡൻ സന്ദർശിക്കുന്ന ഓരോ സന്ദർശകർക്കും ഏറ്റവും മികച്ചതും, മറക്കാനാകാത്തതുമായ ദൃശ്യവിസ്മയങ്ങൾ ഒരുക്കാൻ ഞങ്ങൾ എന്നും ശ്രദ്ധചെലുത്തുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Dubai Media Office.

ഇതിന് മുൻപ് കാണാത്ത രീതിയിലുള്ള പുഷ്പാലങ്കാരങ്ങൾ, പൂക്കളാൽ തീർത്ത മായികകാഴ്ചകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി സന്ദർശകരുടെ വിവിധ ഇന്ദ്രിയങ്ങളിൽ അനുഭൂതിയേകുന്ന നിരവധി അനുഭവങ്ങൾ മിറക്കിൾ ഗാർഡന്റെ പുതിയ സീസണിൽ ആസ്വദിക്കാവുന്നതാണ്.

Source: Dubai Media Office.

മിറക്കിൾ ഗാർഡനിലെത്തുന്ന കുടുംബങ്ങൾക്ക് വിശ്രമിക്കുന്നതിനായി പൂക്കൾ കൊണ്ട് ഒരുക്കിയിരിക്കുന്ന തുരങ്കങ്ങൾ, അതിനൂതനമായ 3-D വാട്ടർ ആൻഡ് ലൈറ്റിംഗ് പ്രദർശനങ്ങൾ, വാട്ടർ മിൽ ഉൾപ്പെടുത്തിയിരിക്കുന്ന തടാകം മുതലായവ ഈ വർഷം പുതിയതായി മിറക്കിൾ ഗാർഡനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആകർഷണങ്ങളാണ്.

Source: Dubai Media Office.

ഫിഫ ലോകകപ്പ് ഫുട്ബാൾ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യേക കാഴ്ചകളും മിറക്കിൾ ഗാർഡന്റെ പതിനൊന്നാം സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മിറക്കിൾ ഗാർഡനിലെ സ്മർഫ് വില്ലേജ് അട്രാക്ഷൻ ഏരിയയിലെ ‘ദി സ്മർഫസ്’ കോമിക് കഥാപാത്രങ്ങൾ ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞ് കൊണ്ട് സന്ദർശകരെ സ്വീകരിക്കുന്നതാണ്.

Source: Dubai Miracle Garden.

സ്മർഫ് കോമിക്കുകളിൽ കണ്ട് വരുന്ന കൂൺ രൂപത്തിലുള്ള വീടുകൾ സന്ദർശകർക്ക് പര്യവേക്ഷണം നടത്താവുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ‘സ്മർഫ് വില്ലേജ് അട്രാക്ഷൻ ഏരിയ’ കഴിഞ്ഞ സീസണിൽ മിറക്കിൾ ഗാർഡനിലെ ഏറെ ജനപ്രീതി നേടിയ ആകർഷങ്ങളിലൊന്നായിരുന്നു. പുതിയ സീസണിൽ കൂടുതൽ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഈ പ്രദർശനം കൂടുതൽ വിപുലമാക്കിയിട്ടുണ്ട്.

72000 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള ഈ പൂന്തോട്ടത്തിൽ 120 തരത്തിലുള്ള, ഏതാണ്ട് 150 ദശലക്ഷത്തിൽ പരം വിവിധ വർണ്ണങ്ങളിലും, സൗരഭ്യത്തോടും കൂടിയ പൂക്കളാണ് ഇക്കൊല്ലം സന്ദർശകരെ കാത്ത് ഒരുങ്ങിയിരിക്കുന്നത്. ആംഫിതീയറ്റർ ഉൾപ്പടെയുള്ള വിനോദക്കാഴ്ചകളോടൊപ്പം, സന്ദർശകർക്കായി ഭക്ഷണപാനീയങ്ങളുടെ വില്പനശാലകളും ഗാർഡനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മിറക്കിൾ ഗാർഡൻ പ്രവർത്തന സമയം:

  • തിങ്കൾ മുതൽ വെള്ളി വരെ: രാവിലെ 9.00 – രാത്രി 9.00 വരെ.
  • ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ: രാവിലെ 9.00 – രാത്രി 11.00 വരെ.

മുതിർന്നവർക്ക് (12 വയസ്സിനു മുകളിൽ) 75 ദിർഹം, കുട്ടികൾക്ക് (മൂന്ന് മുതൽ പന്ത്രണ്ട് വയസ് വരെ) 60 ദിർഹം എന്നിങ്ങനെയാണ് പ്രവേശന ഫീസ്. കൂടുതൽ വിവരങ്ങൾ https://www.dubaimiraclegarden.com/ എന്ന വിലാസത്തിൽ ലഭിക്കുന്നതാണ്.

മാൾ ഓഫ് എമിരേറ്റ്സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവീസ് (റൂട്ട് 105) ഒക്ടോബർ 10 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്.