രാജ്യത്ത് ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നൽകുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ഇടപഴകുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) തൊഴിലുടമകൾക്കും, പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം തൊഴിലാളികളുടെ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിശ്വസനീയമല്ലാത്ത സോഷ്യൽ മീഡിയ പേജുകൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് ജാഗ്രത പുലർത്താൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ഇടപഴകുന്നത് എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തെ ഗാർഹിക തൊഴിലാളി നിയമത്തിനും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ നിയമപരമായ ബാധ്യതകൾ ഉറപ്പാക്കുന്നതിനായി അധികൃതർ കൃത്യമായ മേൽനോട്ടം വഹിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ ലൈസൻസുകളില്ലാതെ ഈ വിഭാഗത്തിലുള്ള തൊഴിലാളികളെ കൊണ്ടുവരുന്ന സ്ഥാപനങ്ങളുമായി ഇടപഴകുന്ന സാഹചര്യത്തിൽ തൊഴിലുടമകൾ നേരിടേണ്ടി വരാവുന്ന അപകടസാധ്യതകൾ മന്ത്രാലയം പ്രത്യേകം എടുത്ത് കാട്ടിയിട്ടുണ്ട്:
- ഇത്തരം ഏജൻസികൾ നൽകുന്ന ഗാർഹിക ജീവനക്കാർ പ്രത്യേക പരിശീലനം ലഭിക്കാത്തവരാകാനുള്ള സാധ്യത കൂടുതലാണ്.
- ഇത്തരം ജീവനക്കാർ കരാർ നടപടികൾ കൃത്യമായി പാലിക്കുമെന്ന് യാതൊരു ഉറപ്പുകളും തൊഴിലുടമയ്ക്ക് ലഭിക്കുന്നില്ല.
- ഇത്തരം ഏജൻസികളിൽ നിന്ന് ലഭിക്കുന്ന തൊഴിലാളികൾ വിവിധ നിയമലംഘനങ്ങൾ നടത്തിയിട്ടുള്ളവരായിരിക്കാൻ സാധ്യതയുണ്ട്.
- ഇത്തരം തൊഴിലാളികൾ നിയമ ലംഘനങ്ങൾ നടത്തിയിട്ടുള്ളവരാണെങ്കിൽ ലൈസൻസ് നേടിയിട്ടുള്ള ഏജൻസികളിൽ നിന്ന് നിയമിക്കുന്ന അവസരത്തിൽ തൊഴിലുടമയ്ക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ലഭിക്കുന്നതല്ല.
- ഇത്തരം തൊഴിലാളികളെ നിയമിക്കുന്നതിലൂടെ തൊഴിലുടമയ്ക്കും കുടുംബത്തിനും പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യു എ ഇയിൽ ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, കെനിയ, എത്യോപ്യ, ഉഗാണ്ട, നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഗാർഹിക ജീവനക്കാരായി തൊഴിലെടുക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
WAM