രാജ്യത്തേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകരുടെ വിസ കാലാവധി 90 ദിവസമാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത് അവർ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ദിനം മുതലാണ് കണക്കാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലെത്തുന്നവർ ദുൽ ഖഅദ് 29-ന് മുൻപായി രാജ്യത്ത് നിന്ന് മടങ്ങണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഹജ്ജ് ആരംഭിക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മക്കയിലേക്കും, മദീനയിലേക്കും എത്തുന്ന തീർത്ഥാടകർക്ക് സുഗമമായ തീർത്ഥാടനം ഒരുക്കുന്നതിന്റെ ഭാഗമായാണിത്.
90 ദിവസത്തെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഉംറ വിസകൾ നീട്ടിനൽകില്ലെന്നും, ഇത്തരം വിസകൾ മറ്റു വിസകളിലേക്ക് മാറ്റാനാകില്ലെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.