ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു. 2024 സെപ്റ്റംബർ 5-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
യൂണിറ്റ് 4-ലെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യു എ ഇയുടെ ദേശീയ വൈദ്യുതി ഗ്രിഡിലേക്ക് 1400 മെഗാവാട്ട് സീറോ-കാർബൺ എമിഷൻ വൈദ്യുതി അധികമായി ലഭ്യമാക്കുന്ന നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1, യൂണിറ്റ് 2, യൂണിറ്റ് 3 എന്നിവയിൽ 1400 മെഗാവാട്ട് വീതമുള്ള വൈദ്യുതി ഉത്പാദനം നേരത്തെ ആരംഭിച്ചിരുന്നു.
അറബ് ലോകത്തിലെ ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവ നിലയമായ ബറാഖയിലെ ആകെയുള്ള നാല് യൂണിറ്റുകളും ഇപ്പോൾ പൂർണ്ണമായും പ്രവർത്തിക്കുന്നുണ്ട്. ഈ പ്ലാന്റ് അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
യൂണിറ്റ് 4-ൽ നിന്നുള്ള വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് വിതരണം ചെയ്യാനുള്ള പ്രതിജ്ഞാബദ്ധത പൂർണ്ണമായും നിറവേറ്റുന്നതിന് സാധിച്ചിട്ടുണ്ട്. നിലവിൽ ഈ പ്ലാന്റിൽ നിന്ന് അകെ 40 ടെറാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്.
ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി ENEC 2024 മാർച്ച് 23-ന് അറിയിച്ചിരുന്നു.
സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാഹ് എനർജി കമ്പനിയുടെ (Nawah) കീഴിലാണ് ബറാഖ ആണവോർജ്ജനിലയം പ്രവർത്തിക്കുന്നത്.
Cover Image: Abu Dhabi Media Office.