COVID-19 വൈറസിന്റെ അതിവേഗം വ്യാപിക്കുന്ന ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദെൽ അലി വ്യക്തമാക്കി. ജൂലൈ 5-ന് വൈകീട്ട് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
COVID-19 വൈറസും, അതിന്റെ വകഭേദങ്ങളും ചെറുപ്പക്കാരിൽ രോഗബാധയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗപ്രതിരോധ നിർദ്ദേശങ്ങൾ, ആരോഗ്യ സുരക്ഷാ നടപടികൾ എന്നിവ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.
COVID-19 വാക്സിൻ സ്വീകരിക്കുന്നവരിൽ, ആദ്യ ഡോസ് കുത്തിവെപ്പെടുക്കുന്നതോടെ രോഗപ്രതിരോധ ശേഷി രൂപപ്പെടുമെന്നും, ഇത് പൂർണ്ണമാകുന്നതിന് രണ്ടാം ഡോസ് അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിലും വാക്സിനുകൾ ഫലപ്രദമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.