യു എ ഇ: 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ബാധകമല്ല

featured GCC News

2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് യു എ ഇ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവരെ 2024 ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31-നാണ് അവസാനിക്കുന്നത്.

ഇവർക്ക് പുറമെ ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് യു എ ഇയിൽ നിന്ന് നാട് കടത്തപ്പെടുന്നതിന് രാജ്യത്തെ കോടതികൾ ശിക്ഷ വിധിച്ചിട്ടുള്ള പ്രവാസികൾ, നാട് കടത്തുന്നതിന് ജി സി സി രാജ്യങ്ങളിലെ കോടതികൾ ശിക്ഷ വിധിച്ചിട്ടുള്ള പ്രവാസികൾ, രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്കും ഈ പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതല്ല.

ഈ പൊതുമാപ്പ് പദ്ധതി 2024 സെപ്റ്റംബർ 1 മുതൽ യു എ ഇയിൽ ആരംഭിച്ചിരുന്നു. ഈ പദ്ധതി ഒക്ടോബർ 31-ന് അവസാനിക്കുമെന്നാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നതെങ്കിലും മനുഷ്യത്വപരമായ ഘടകങ്ങൾ കണക്കിലെടുത്ത് കൊണ്ട് ഈ തീരുമാനം ഭേദഗതി ചെയ്യാനും, പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടാനും അധികൃതർ ഒക്ടോബർ 31-ന് രാത്രി തീരുമാനിക്കുകയായിരുന്നു.