യു എ ഇ: 2021-ലെ അവസാന ഉൽക്കമഴ; ഡിസംബർ 13-ന് അബുദാബിയിൽ ജെമിനിഡ് ഉൽക്കവർഷത്തിന് സാക്ഷിയാകാം

featured UAE

2021-ലെ അവസാന ഉൽക്കമഴയായ ജെമിനിഡ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2021 ഡിസംബർ 13-ന് ദൃശ്യമാകും. ജ്യോതിശാസ്ത്ര കുതുകികൾക്കും, വാനനിരീക്ഷകർക്കും ഡിസംബർ 13-ന് രാത്രി മുതൽ ഡിസംബർ 14-ന് പുലർച്ച വരെ അബുദാബിയിൽ ജെമിനിഡ് ഉൽക്കവർഷത്തിന് സാക്ഷിയാകാൻ അവസരം ലഭിക്കുമെന്ന് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അറിയിച്ചു.

ഈ വർഷത്തെ ജെമിനിഡ് ഉൽക്കവർഷത്തോടനുബന്ധിച്ച് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അബുദാബിയിലെ അൽ റസിൻ ഡെസേർട്ടിൽ ഒരു പ്രത്യേക നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. 2021 ഡിസംബർ 13-ന് രാത്രി 10 മുതൽ ഡിസംബർ 14-ന് പുലർച്ചെ 4 മണിവരെയാണ് ഈ നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നത്.

അൽ റസിൻ മരുഭൂമിയിലെ തെളിഞ്ഞ അന്തരീക്ഷത്തിൽ ഈ വാനവിസ്മയം തെളിമയോടെ നിരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. https://althurayaastronomycenter.ae/geminids-meteor-shower-2021/ എന്ന വിലാസത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കാൻ റെജിസ്റ്റർ ചെയ്യാവുന്നതാണ്.

ജെമിനിഡ് ഉൽക്കവർഷത്തിന്റെ ഭാഗമായി ഡിസംബർ 13-ന് ഒരു മണിക്കൂറിനിടയിൽ 120-തോളം ഉൽക്കകളാണ് ദൃശ്യമാകുക. 3200 ഫേത്തോൺ എന്ന ഛിന്നഗ്രഹം മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന ജെമിനിഡ് ഉൽക്കമഴ, എല്ലാ വർഷവും ഡിസംബർ ആദ്യം മുതലാണ് ആരംഭിക്കുന്നത്. എന്നാൽ ഇത് എല്ലാ വർഷവും ഡിസംബർ പകുതിയോടെയാണ് അതിന്റെ ഏറ്റവും തെളിമയോടെ വീക്ഷിക്കാവുന്ന പാരമ്യത്തിൽ എത്തുന്നത്.

ഈ വർഷം ഡിസംബർ 13-നാണ് ഇത് ഏറ്റവും തെളിമയോടെ ദൃശ്യമാകുന്നത്. ജനുവരിയിൽ ദൃശ്യമാകുന്ന, ഏതാനം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം പോലെ ജെമിനിഡ് ഉൽക്കമഴയും ധൂമകേതു മൂലമുണ്ടാകുന്ന ഉൽക്കമഴയല്ലെന്ന പ്രത്യേകതയുണ്ട്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ജെമിനിഡ് ഉൽക്കമഴ ദൃശ്യമാകുന്നതാണ്.