നിലവിൽ എഴുപതിൽ പരം രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ള മങ്കിപോക്സ് രോഗത്തെ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. 2022 ജൂലൈ 23-ന് വൈകീട്ടാണ് WHO ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
“നിലവിലെ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് കൊണ്ട് മങ്കിപോക്സ് രോഗവ്യാപനം ഒരു ആഗോള പൊതു ആരോഗ്യ അടിയന്തിരാവസ്ഥയാണെന്ന് കണക്കാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.”, WHO ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസാണ് (Tedros Adhanom Ghebreyesus) ഇത് സംബന്ധിച്ച് അറിയിച്ചു.
WHO എമെർജൻസി കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങൾക്കിടയിലും ഇത് സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ലെന്നും, എന്നാൽ ഇത്തരം ഒരു തീരുമാനം എടുക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം മുഴുവൻ അതിവേഗം പടർന്ന് പിടിക്കുന്ന മങ്കിപോക്സ് രോഗത്തിന്റെ പുത്തൻ വ്യാപനരീതികളെക്കുറിച്ച് കൃത്യവും വ്യക്തവുമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ലെന്ന് അദ്ദേഹം അറിയിച്ചു.
മങ്കിപോക്സ് സാഹചര്യത്തെ നിലവിൽ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കുന്നില്ലെന്ന് WHO 2022 ജൂൺ 25-ന് അറിയിച്ചിരുന്നു.