ഒമാൻ: ഇന്റർനെറ്റ് സേവനങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് TRA മുന്നറിയിപ്പ് നൽകി

GCC News

വീടുകളിൽ ലഭിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ അയൽക്കാരുമായി പങ്ക് വെക്കരുതെന്ന് ഒമാൻ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികൾ മൂലം ഉണ്ടാകാനിടയുള്ള അപകട സാദ്ധ്യതകൾ പങ്ക് വെച്ചുകൊണ്ടാണ് TRA ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്റർനെറ്റ് സേവനങ്ങൾ അയൽക്കാരുമായി പങ്ക് വെക്കുന്ന പ്രവർത്തികൾ നിയമനടപടികളിലേക്ക് നയിക്കാമെന്നും, ഇതുമായി ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് വ്യക്തികൾക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും TRA കൂട്ടിച്ചേർത്തു.

ഇത്തരം പ്രവർത്തികൾ മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ TRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • ഇത്തരത്തിൽ അയൽക്കാരുമായി ഇന്റർനെറ്റ് സേവനങ്ങൾ പങ്ക് വെക്കുന്ന സാഹചര്യങ്ങൾ വയർലെസ്സ് നെറ്റ്‌വർക്കിൽ തടസങ്ങൾക്കിടയാക്കാവുന്നതാണ്.
  • മറ്റുള്ളവരുടെ ഇന്റർനെറ്റ് സേവനങ്ങളുടെ വേഗതയെ ഇത് ബാധിക്കാം.
  • അയൽക്കാരുമായി ഇന്റർനെറ്റ് സേവനങ്ങൾ പങ്ക് വെക്കുന്ന വ്യക്തികൾക്ക് ഇൻഫർമേഷൻ സെക്യൂരിറ്റി സംബന്ധമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നേക്കാവുന്നതാണ്.
  • ഇത്തരം പ്രവർത്തികൾ ഡാറ്റ മോഷണം, തട്ടിപ്പുകൾ, മറ്റു സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഇരയാകുന്നതിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
  • അനുമതിയില്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ പങ്ക് വെക്കുന്ന പ്രവർത്തികൾ നിയമനടപടികളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.