എക്സ്പോ സിറ്റി ദുബായ്: വിന്റർ സിറ്റി ആഘോഷ പരിപാടികൾ ജനുവരി 12 വരെ നീട്ടി

featured GCC News

എക്സ്പോ സിറ്റി ദുബായിൽ നടന്ന് കൊണ്ടിരിക്കുന്ന ‘വിന്റർ സിറ്റി’ ശീതകാല ആഘോഷ പരിപാടികൾ 2023 ജനുവരി 12 വരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. 2023 ജനുവരി 6-നാണ് എക്സ്പോ സിറ്റി ദുബായ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

https://twitter.com/ExpoCityDubai/status/1611344719958663168

വിന്റർ സിറ്റി ആഘോഷ പരിപാടികൾ 2023 ജനുവരി 8-ന് അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള തിരക്ക് കണക്കിലെടുത്ത് വിന്റർ സിറ്റി ആഘോഷ പരിപാടികൾ ജനുവരി 12 വരെ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

2023 ജനുവരി 9 മുതൽ ജനുവരി 12 വരെ ദിനവും വൈകീട്ട് 3 മണിമുതൽ രാത്രി 11 മണിവരെയാണ് ‘വിന്റർ സിറ്റി’ ആഘോഷങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി എക്സ്പോ സിറ്റിയിലെ മൊബിലിറ്റി ഡിസ്ട്രിക്ട്, വാട്ടർ ഫീച്ചർ, അൽ വാസൽ പ്ലാസ എന്നിവ ശൈത്യകാലത്തെ ഓർമ്മപ്പെടുത്തുന്ന മായികക്കാഴ്ചകളുമായി സന്ദർശകരെ സ്വീകരിക്കുന്നതാണ്.

Source: WAM.

ആശ്ചര്യജനകമായ സിപ്-ലൈൻ അനുഭവങ്ങൾ, ക്രിസ്മസ് മാർക്കറ്റ്, ഭീമൻ ക്രിസ്മസ് ട്രീ മുതലായ ആകർഷണങ്ങൾ വിന്റർ സിറ്റിയിലെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.

Source: WAM.

പൈൻ മരങ്ങൾ നിറഞ്ഞ പരമ്പരാഗത രീതിയിലുള്ള ക്രിസ്മസ് ചന്ത, വിനോദമത്സരങ്ങൾ, കുട്ടികൾക്ക് സാന്താ ക്ലോസിന് കത്തെഴുതാൻ അവസരം നൽകുന്ന ലെറ്റർ-റ്റു-സാന്ത സ്റ്റേഷൻ, അൽ വാസൽ പ്ലാസയിൽ നടക്കുന്ന ക്രിസ്മസ് പ്രൊജക്ഷൻ ഷോ മുതലായവ വിന്റർ സിറ്റിയിലെ മറ്റു ആകർഷണങ്ങളാണ്.

2022 നവംബർ 23-നാണ് ‘വിന്റർ സിറ്റി’ ശീതകാല ആഘോഷ പരിപാടികൾ ആരംഭിച്ചത്.

WAM.