വേൾഡ് ഓഫ് കോഫി എക്സിബിഷന്റെ മൂന്നാമത് പതിപ്പ് 2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കും. 2023 സെപ്റ്റംബർ 15-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് 2024 ജനുവരി 21 മുതൽ ജനുവരി 23 വരെയാണ് സംഘടിപ്പിക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മന്റ് സ്ഥാപനമായ ‘DXB ലൈവ്’ ആണ് ഈ പ്രദർശനം ഒരുക്കുന്നത്.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, വടക്കൻ ആഫ്രിക്കയിലും കാപ്പിയ്ക്കുള്ള പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ പ്രദർശനം. മേഖലയിൽ നിന്നുള്ളതും, ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളതുമായ കാപ്പി കർഷകർ, നിർമ്മാതാക്കൾ, വിതരണക്കാർ, വ്യാപാരികൾ, ചില്ലറ വിൽപനക്കാർ തുടങ്ങിയവരെ ഒത്ത് ചേർക്കുന്നത് ലക്ഷ്യമിട്ടാണ് സ്പെഷ്യാലിറ്റി കോഫീ അസോസിയേഷനുമായി (SCA) സഹകരിച്ച് കൊണ്ട് ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്.
ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ വാണിജ്യ സാധ്യതൾ കണ്ടെത്തുന്നതിനും, പുതിയ വിപണികൾ തുറക്കുന്നതിനും, വില്പന ഉയർത്തുന്നതിനും ഈ പ്രദർശനം വഴിയൊരുക്കുന്നതാണ്. പങ്കാളിത്തത്തിന്റെ ബാഹുല്യം കണക്കിലെടുത്ത് എക്സിബിഷൻ വേദിയുടെ വിസ്തൃതി ഈ വർഷം അമ്പത് ശതമാനം കൂട്ടിയിട്ടുണ്ട്.
കാപ്പിയുടെ വിപണനവുമായി ബന്ധപ്പെട്ട് കൊണ്ട് 615 കമ്പനികളാണ് എമിറേറ്റിൽ പ്രവർത്തിക്കുന്നതെന്നാണ് ദുബായ് എക്കണോമി ആൻഡ് ടൂറിസം വകുപ്പ് നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ തന്നെ കാപ്പിയുടെ വ്യാപാരത്തിൽ ദുബായിക്കുള്ള പ്രാധാന്യം ഈ കണക്കുകൾ വ്യക്തമാക്കുന്നു.
WAM.