സന്ദർശകർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകുന്നതിന്റെ ഭാഗമായി യാസ് ഐലൻഡ് പൂർണ്ണമായും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തി. 2024
ജനുവരി 17-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
സഞ്ചാരികൾക്ക് യാസ് ഐലണ്ടിലേക്ക് യാത്രചെയ്യുന്നതിന് മുൻപായി ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ, സഞ്ചാരപാതകൾ മുതലായവ ഒരു ഇന്ററാക്ടീവ് പ്രതലത്തിലൂടെ മനസിലാക്കുന്നതിന് യാസ് ഐലൻഡ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ അവസരമൊരുക്കുന്നു.
ഗൂഗിൾ മാപ്പിന്റെ മൊബൈൽ, ഡെസ്ക്ടോപ്പ് ആപ്പുകളിൽ യാസ് ഐലണ്ടിന്റെ ഈ 360-ഡിഗ്രി പനോരാമിക്, സ്ട്രീറ്റ്-ലെവൽ ദൃശ്യം ലഭിക്കുന്നതാണ്.
സീവേൾഡ് യാസ് ഐലൻഡ്, ഫെറാരി വേൾഡ് യാസ് ഐലൻഡ്, വാർണർ ബ്രോസ് അബുദാബി, CLYMB യാസ് ഐലൻഡ്, യാസ് വാട്ടർവേൾഡ്, യാസ് മറീന, യാസ് ബേ വാട്ടർഫ്രന്റ്, എത്തിഹാദ് അരീന തുടങ്ങിയ ഇവിടുത്തെ പ്രധാന ആകർഷണങ്ങളെല്ലാം യാസ് ഐലൻഡ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ലഭ്യമാണ്. യാസ് ഐലൻഡിലെ ഏതാണ്ട് 20 കിലോമീറ്ററോളം ദൈർഘ്യമുള്ള പൊതുപാതകൾ മനസിലാക്കുന്നതിനും, തങ്ങളുടെ യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും യാത്രികർക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
Cover Image: WAM.