യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നു.
2023 മാർച്ച് 3, വെള്ളിയാഴ്ച രാവിലെ 10:40-നാണ് (യു എ ഇ സമയം) ഇവരെയും വഹിച്ച് കൊണ്ടുള്ള ഡ്രാഗൺ ബഹിരാകാശപേടകം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ വിജയകരമായി ഡോക്ക് ചെയ്തത്.
തുടർന്ന് ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയും, മറ്റു മൂന്ന് ബാഹ്യാകാശ സഞ്ചാരികളും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പ്രവേശിച്ചു.
സുൽത്താൻ അൽ നെയാദിയ്ക്ക് പുറമെ നാസയിലെ ബഹിരാകാശസഞ്ചാരികളായ സ്റ്റീഫൻ ബൊവെൻ (സ്പേസ് ക്രാഫ്റ്റ് കമാണ്ടർ), വാരൻ ഹോബർഗ് (പൈലറ്റ്) റഷ്യൻ ബഹിരാകാശസഞ്ചാരി ആന്ദ്രേ ഫെദ്യയേവ് (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരും ഈ ദൗത്യത്തിന്റെ ഭാഗമാണ്.
യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് സഞ്ചരിക്കുന്ന എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെയും മറ്റു ബഹിരാകാശസഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് 2023 മാർച്ച് 2-ന് രാവിലെ 9:34-ന് (യു എ ഇ സമയം) വിജയകരമായി വിക്ഷേപിച്ചിരുന്നു.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ കേപ്പ് കാനവേറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് ഈ ദൗത്യം വിക്ഷേപിച്ചത്.
ഇവർ വിവിധ ഗവേഷണങ്ങളുമായി ആറ് മാസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടരുന്നതാണ്. ഈ ദൗത്യത്തിന്റെ ഭാഗമായി സുൽത്താൻ അൽ നെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ 19 ഗവേഷണ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നതാണ്.
WAM