കൊറോണാ വൈറസ് സംബന്ധമായ ആഗോളതലത്തിലുള്ള വിവരങ്ങൾ തത്സമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള വെബ്സൈറ്റ് ആരംഭിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് ആണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവെച്ചത്.
ആഗോളതലത്തിലെ കൊറോണാ വൈറസിന്റെ വ്യാപനം,ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ, സംശയങ്ങൾക്കുള്ള മറുപടികൾ എന്നിവയെല്ലാം ഈ പോർട്ടലിൽ ലഭ്യമാണ്.
ഓരോ രാജ്യങ്ങളിലെയും നിലവിലെ രോഗബാധിതരുടെയും രോഗം ഭേദമായവരുടെയും കണക്കുകൾ ലഭ്യമാക്കുന്ന ഇന്ററാക്ടീവ് മാപ്പ്, സന്ദർശകർക്ക് കൊറോണാ സംബന്ധമായ സംശയങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന ഉപദേശക സംവിധാനം, ആഗോളതലത്തിൽ ആകെയുള്ള കൊറോണാ സംബന്ധമായ സ്ഥിതിവിവരക്കണക്കുകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള ഈ വെബ്സൈറ്റ് https://doh.saal.ai/ എന്ന വിലാസത്തിൽ ലഭ്യമാണ്.