ഒറ്റത്തവണ-പ്ലാസ്റ്റിക്കിന്റെ ഉപയോഗം അടുത്ത വർഷത്തോടെ പൂർണ്ണമായും ഇല്ലാതാക്കാൻ അബുദാബി

GCC News

പ്രകൃതിയോടു ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്ന പുരോഗമനാത്മകമായ ഒരു ഭരണനയം പ്രഖ്യാപിച്ച് കൊണ്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (Environment Agency Abu Dhabi – EAD). അബുദാബിയിലെ ഒറ്റത്തവണ-പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനും 2021-ഓടെ ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കഴിയുന്നതും പൂർണ്ണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള നടപടികൾ EAD തിങ്കളാഴ്ച്ച ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.

ഇതിനായി ഒറ്റത്തവണ-പ്ലാസ്റ്റിക്ക് ബാഗുകൾ നിരോധിക്കുക, വീണ്ടും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗങ്ങൾക്ക് തീരുവ ചുമത്തുക, ഇവയ്ക്ക് പകരം ദീർഘകാലം ഉപയോഗിക്കാവുന്ന ഇതരമാര്‍ഗ്ഗങ്ങൾ തേടുക തുടങ്ങി നിരവധി പദ്ധതികൾ ഈ നയത്തിന്റെ ഭാഗമായി പ്രാബല്യത്തിൽ വരുത്തും.

ചില്ലറവില്പനശാലകളിൽ കുപ്പികൾ തിരികെയെടുക്കുന്ന സമ്പ്രദായവും ഇതിന്റെ ഭാഗമായി ആലോചിക്കുന്നുണ്ട്. ഈ നടപടികൾ ഒറ്റത്തവണ പ്ലാസ്റ്റിക്ക് ഇതര ഉത്പന്നങ്ങളിലേക്ക് മാറുന്നതിന് പകരം, വീണ്ടും ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുടെ ഉപയോഗത്തിലേക്ക് ഉപഭോക്താവിനെ നയിക്കുന്നതിലേക്കായി ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ഈ നയങ്ങൾ 12 സർക്കാർ സംവിധാനങ്ങളുമായി സംയുക്തമായാണ് വിഭാവന ചെയ്തിട്ടുള്ളത്.

നിലവിൽ 11 ബില്യൺ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകളാണ് യു എ ഇയിൽ ഉപയോഗിക്കുന്നത് എന്നാണ് കണക്കുകൾ. ഈ അളവിൽ ഗണ്യമായ കുറവ് വരുത്താൻ ലക്ഷ്യമിടുന്ന ഈ നയം പ്രാദേശികമായ ആവശ്യങ്ങളെയും വെല്ലുവിളികളെയും കുറിച്ച് കാര്യമായ പഠനങ്ങൾക്ക് ശേഷമാണ് നടപ്പിലാക്കുന്നത്.