2019-ൽ 6.6 ദശലക്ഷതിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചതായി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്ക് സെന്റർ (SZGMC) അറിയിച്ചു. ഇവർ പുറത്ത്വിട്ട കണക്കുകൾ പ്രകാരം ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി 6,656,818 പേരാണ് കഴിഞ്ഞ വർഷം ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചത്. ഇതിൽ വിശ്വാസികളും, സ്വദേശത്തു നിന്നും വിദേശത്തുനിന്നും ഉള്ള സഞ്ചാരികളും ഉൾപ്പെടുന്നു.
ആഗോളതലത്തിൽ സഹിഷ്ണുതയുടെ ചിന്തകൾ വളർത്തുന്നതിനുള്ള ഒരിടവും മികച്ച ഒരു സാംസ്കാരിക കേന്ദ്രവുമായി ഷെയ്ഖ് സയ്ദ് മസ്ജിദിനേ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയതായി SZGMC അറിയിച്ചു. സന്ദർശകരിൽ 4,132,309 പേർ വിനോദസഞ്ചാരികളും, 1,562,149 പേർ പള്ളിയിൽ മതപരമായ കാര്യങ്ങൾക്ക് വന്നവരുമാണ്. കഴിഞ്ഞ വർഷത്തെ റമദാനിൽ ആദ്യ മൂന്നാഴ്ചകളിൽ മാത്രം എകദേശം 9 ലക്ഷം പേരാണ് ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചത്.
സന്ദർശകരിൽ 81 ശതമാനം പേർ ടൂറിസ്റ്റുകളും, 19 ശതമാനം പേർ യു എ ഇ നിവാസികളുമാണ്. ആകെയുള്ള സഞ്ചാരികളിൽ ഇന്ത്യാക്കാരാണ് മുന്നിൽ. 879,049 ഇന്ത്യൻ സഞ്ചാരികൾ 2019-ൽ ഇവിടം സന്ദർശിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് 704,680 പേരും, റഷ്യയിൽ നിന്ന് 234,849 പേരും, ജർമനിയിൽ നിന്ന് 193,234 പേരും കണക്കിൽ തൊട്ടുപിറകിലുണ്ട്. സന്ദർശകരിൽ 53 ശതമാനം പേർ പുരുഷന്മാരും 47 ശതമാനം സ്ത്രീകളുമാണ്.