കേരളത്തിന്റെ സാമ്പത്തിക വളർച്ച വർധിച്ചതായി അവലോകന റിപ്പോർട്ട്

Business

കേരളത്തിന്റെ സാമ്പത്തിക വളർച്ച ഈ സർക്കാരിന്റെ ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി 2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്. 2017-18 ൽ 7.3 ശതമാനമായിരുന്ന ജി.ഡി.പി വളർച്ച 2018-19 ൽ 7.5 ശതമാനമായി. 2016-17 മുതലുള്ള മൂന്നു വർഷത്തെ ശരാശരി വളർച്ച 7.2 ശതമാനമാണ്. ദേശീയതലത്തിലാകട്ടെ സാമ്പത്തിക വളർച്ച ഇക്കാലയളവിൽ 6.9 ശതമാനമാണ്.

കഴിഞ്ഞസർക്കാരിന്റെ ഭരണകാലത്തേക്കാൾ ജി.ഡി.പി വളർച്ചയേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഈ സർക്കാരിന്റെ ആദ്യ മൂന്നുവർഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. 2011-12 മുതൽ 2014-16 ൽ കേരളത്തിന്റെ ജി.ഡി.പി വളർച്ച 4.9 ശതമാനമായിരുന്നു.
വ്യവസായ മേഖലയിലാണ് ഏറ്റവും ശ്രദ്ധേയമായ വളർച്ചയെന്ന് സാമ്പത്തിക അവലോകനം ചൂണ്ടിക്കാട്ടുന്നു. വ്യവസായ വളർച്ച 2018-19 ൽ 13.2 ശതമാനമാണ്. 2014-15 ൽ ആഭ്യന്തര വരുമാനത്തിൽ വ്യവസായ മേഖലയുടെ വിഹിതം 9.8 ശതമാനമായിരുന്നത് 2018-19ൽ 13.2 ശതമാനമായി ഉയർന്നു.  

ദേശീയ ഫാക്ടറി ഉത്പാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനത്തിൽനിന്ന് 1.2 ശതമാനമായി ഉയർന്നു. ഇതിന്റെ മുഖ്യകാരണം പൊതുമേഖലയിലെ കുതിപ്പാണ്. ചെറുകിട വ്യവസായ മേഖലയിൽ 13,286 പുതിയ യൂണിറ്റുകളാണ് ആരംഭിച്ചത്. ഇവ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.
കേരളത്തിന്റെ ഐ.ടി മേഖലയിലും ശ്രദ്ധേയമായ വളർച്ചയുണ്ടായി. ഇൻറർനെറ്റ് ലഭ്യതാനിരക്ക് 54 ശതമാനമാണ് ഇത് ദേശീയശരാശരിയേക്കാൾ ഉയർന്നതാണ്.

കാർഷിക മേഖലയുടെ വളർച്ച കഴിഞ്ഞ സർക്കാരിന്റെ കാലത്ത് -2.5 ശതമാനമായി താഴ്ന്നിരുന്നു. 2016-17-2018-19 കാലത്ത് 0.6 ശതമാനം വളർച്ച കാർഷികരംഗത്തുണ്ടായി. കാർഷിക മേഖലയുടെ തിരിച്ചടിക്ക് കാരണം തുടർച്ചയായ പ്രളയവും നാണ്യവിലത്തകർച്ചയുമാണ്.

തുടർച്ചയായി കുറഞ്ഞ് 2016-17ൽ 1.7 ലക്ഷം ഹെക്ടറിൽ എത്തിയ നെൽകൃഷി 2018-19ൽ 2.03 ലക്ഷം ഹെക്ടറായി ഉയർന്നു. ഉത്പാദനം 4.4 ലക്ഷം ടണ്ണിൽനിന്ന് 5.8 ലക്ഷം ടണ്ണായി ഉയർന്നു. 2015-16 ലെ 7.28 ൽ നിന്നും മത്സ്യോത്പാദനം 8.20 ടണ്ണായും വർധിച്ചു.

2018 ൽ മൊത്തം 1.67 കോടി വിനോദസഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 5.93 ശതമാനം വർധനവാണിത്. ഇക്കണോമിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ സംസ്ഥാന മൊത്തം മൂല്യവർധനവിനെറ ത്വരിതഗതിയിലുള്ള കണക്കനുസരിച്ച്, കേരളത്തിലെ ഉത്പന്ന നിർമാണമേഖല സ്ഥിരവിലയിൽ (2011-12) മുൻവർഷത്തെ 3.7 ശതമാനം വളർച്ചയെ അപേക്ഷിച്ച് 2018-19 ൽ 11.2 ശതമാനം വളർച്ച രേഖപ്പെടുത്തി. ത്വരിതകണക്കനുസരിച്ച് 2018-19ൽ കേരളത്തിലെ പ്രതിശീർഷ വരുമാനം 1,48,078 രൂപയായിരുന്നു. അതേസമയം ദേശീയശരാശരി 93,655 രൂപയായിരുന്നുവെന്നും 2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.