കൊറോണാ വൈറസ് ബാധിതർക്കായി യു എ ഇ നൂതന ആരോഗ്യസുരക്ഷാ സംവിധാനങ്ങളോട് കൂടിയ പ്രത്യേക ക്വാറന്റൈൻ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഹിസ് എക്സെലൻസി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പത്രസമ്മേളനത്തിലൂടെ അറിയിച്ചു. COVID-19 മൂലം ആഗോളതലത്തിൽ എന്തെങ്കിലും അടിയന്തരാവസ്ഥ അഭിമുഖീകരിക്കേണ്ട സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ അത് നേരിടുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പാര്പ്പിടകേന്ദ്രങ്ങളിൽ നിന്ന് അകന്ന വിദൂരമായ ഒരിടത്ത് കൊറോണാ ബാധിതർക്ക് ചികിത്സയൊരുക്കുന്നതിനായുള്ള ക്വാറന്റൈൻ കേന്ദ്രം ആരംഭിക്കുന്നതിനുള്ള സാങ്കേതികമായും, ചികിത്സാ സംബന്ധമായും വേണ്ട എല്ലാ തയാറെടുപ്പുകളും രാജ്യത്തെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ എടുത്തുകഴിഞ്ഞു. കൊറോണാ ബാധയെക്കുറിച്ച് ജനങ്ങൾ ഭീതി പുലർത്തേണ്ട സാഹചര്യങ്ങളില്ലാ എന്നും, നിലവിൽ കൊറോണാ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഏതൊരു സാഹചര്യം നേരിടാനും യു എ യിലെ ആരോഗ്യ രംഗം സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗവുമായി ബന്ധപ്പെട്ട് അനാവശ്യമായ പരിഭ്രാന്തി പടർത്തുന്ന വാർത്തകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പടരുന്നതിനെക്കുറിച്ചും അദ്ദേഹം ജനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട എല്ലാവരെയും സൂക്ഷ്മനിരീക്ഷണത്തിനു വിധേയരാക്കി വരികയാണെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് രോഗം പടരുന്നത് തടയാനുള്ള നടപടികൾ ഊർജ്ജിതമായി നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു.