മെട്രോനഗരങ്ങളിൽ ഏറെ പ്രചാരം നേടിയിട്ടുള്ള ഗോ-കാർട്ടിങ് പരിശീലന സംവിധാനമൊരുക്കി ലൂക്ക മോട്ടോർസ്. ബേക്കൽ ബീച്ച് പാർക്കിനു സമീപമുള്ള ഗ്രൗണ്ടിലാണ് റേസ് കോഴ്സ് ഒരുക്കിയിരിക്കുന്നത്. പത്തുവർഷത്തോളം ഗോ-കാർട്ടിങ് രംഗത്ത് സജീവമായി നിൽക്കുന്ന ജാബിർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ലൂക്ക മോട്ടോർസ് എന്ന സ്ഥാപനമാണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിക്കുന്നത്.
ഒരേ സമയം 3 കാർട്ടുകൾ റേസിംഗ് നിരത്തിലിറക്കാൻ സാധിക്കും. ഇപ്പോൾ 5 കാർട്ടുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. പ്രാക്ടീസ് ചെയ്യുന്നവർക്കുള്ള സുരക്ഷാ ഉറപ്പാക്കുന്നതിനുവേണ്ടി ഏകദേശം 2000 -ത്തോളം റബ്ബർ ടയറുകളാണ് ട്രാക്കിൽ ഒരുക്കിയിരിക്കുന്നത്. റവന്യൂ മന്ത്രി ശ്രീ. ഇ.ചന്ദ്രശേഖരനും, കാസർകോട് എം.പി ശ്രീ.രാജ്‌മോഹൻ ഉണ്ണിത്താനുമെല്ലാം ഈ സംരംഭത്തിന് പ്രോത്സാഹനമേകാൻ ട്രാക്ക് കാണുവാൻ എത്തിച്ചേർന്നിരുന്നു.
ജാബിര്‍ ഗുജറാത്തില്‍ നിന്നാണ് റേസിംഗില്‍ പരിശീലനം നേടിയത്. റേസിംഗിലെ തന്‍റെ വഴികാട്ടിയായ ജിയാന്‍ ലൂക്ക പൈലറ്റിനോടുള്ള ഇഷ്ടത്താലാണ് കമ്പനിയ്ക്കും ഈ പേര് നല്‍കിയത്. നിലവില്‍ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തി ആളുകള്‍ക്ക് റേസിംഗ് നടത്താന്‍ അവസരമൊരുക്കുന്ന ഇവിടെ സ്ത്രീകള്‍ക്കും മറ്റുമായുള്ള ട്രെയിനിംഗ് പരിപാടികള്‍ ആരംഭിക്കുവാനും ലൂക്ക മോട്ടോഴ്സ് പദ്ധതിയിടുന്നുണ്ട്.
ഫോട്ടോ കടപ്പാട് : മുസമ്മിൽ മുഹമ്മദ്.