സ്വാമി വിവേകാനന്ദന്റെ 157-ആം ജന്മവാർഷികത്തോട് അനുബന്ധിച്ച്, 2020-ലെ ലാൽബാഗ് റിപ്പബ്ലിക് ദിന ഫ്ളവർ ഷോ, അദ്ദേഹത്തിന്റെ ജീവിതവും, ആത്മീയ പാഠങ്ങളും, ദർശനങ്ങളും പ്രതിഫലിക്കുന്ന പുഷ്പാലങ്കാരങ്ങൾ കൊണ്ട് മനോഹരമായ ഒരു ശ്രദ്ധാഞ്ജലിയാക്കി മാറ്റിയിരിക്കുകയാണ് സംഘാടകർ. അതിമനോഹരങ്ങളായ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഉള്ള പൂക്കളും ചെടികളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട കാഴ്ചകളും, നിമിഷങ്ങളും, പുനരാവിഷ്കരിക്കുകയും, അദ്ദേഹത്തിന്റെ ജീവചരിത്രം, ദർശനങ്ങൾ, ലോകപ്രശസ്തമായ ഉദ്ധരണികൾ, പ്രസംഗങ്ങൾ എന്നിവയെല്ലാം സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.
റിപ്പബ്ലിക് ദിന ഫ്ളവർ ഷോ 2020 ജനുവരി 17, വെള്ളിയാഴ്ച്ച, കർണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഉദ്ഘാടനം ചെയ്തു. ആദ്യദിനം തന്നെ വമ്പിച്ച ജനത്തിരക്ക് കൊണ്ട് ഈ വർഷത്തെ പുഷ്പമേള ശ്രദ്ധേയമായി.
ബാംഗ്ലൂർ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടും, ഇൻഡിപെൻഡൻസ് ദിനത്തോടും അനുബന്ധിച്ചാണ് പുഷ്പമേള സംഘടിപ്പിക്കാറുള്ളത്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 17 മുതൽ ജനുവരി 26 വരെയാണ്. രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് സന്ദർശകർക്ക് ഫ്ളവർഷോയിലേക്ക് പ്രവേശനം. ഡിപ്പാർട്മെന്റ് ഓഫ് ഹോർട്ടികൾച്ചറും മൈസൂർ ഹോർട്ടികൾച്ചർ സൊസൈറ്റിയും ചേർന്നാണ് ഈ പൂക്കളുടെ മായികലോകം തീർത്തിരിക്കുന്നത്. 70 രൂപയാണ് പുഷ്പമേളയിലേക്കുള്ള പ്രവേശന ഫീ.
17 അടി ഉയരത്തിലും, 21 അടി നീളത്തിലുമായി എകദേശം 3 ലക്ഷത്തിലധികം പൂക്കൾ കൊണ്ട് ഒരുക്കിയ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയുടെ മാതൃകയും സ്വാമി വിവേകാനന്ദന്റെ വലിയ പ്രതിമയും ഈ പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങളാണ്. പലരൂപത്തിലുള്ള അദ്ദേഹത്തിന്റെ പ്രതിമകൾ, ചിക്കാഗോയിലെ സർവ്വമത സമ്മേളനത്തിൽ അദ്ദേഹം നടത്തിയ വിഖ്യാതമായ പ്രസംഗത്തിന്റെ ശബ്ദരൂപത്തോട് കൂടിയ പുനരാവിഷ്കാരം, അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥലങ്ങൾ എന്നിവയുടെ അപൂര്വ്വമായ ചിത്രങ്ങളും ലഘുവിവരണങ്ങളും അടങ്ങിയ നൂറിലധികം പോസ്റ്ററുകൾ, പുഷ്പാലങ്കാരങ്ങൾ എന്നിവ ബൊട്ടാണിക്കൽ ഗാർഡനിലെ വിശാലമായ ഗ്ളാസ് ഹൗസിലാണ് ഒരുക്കിയിരിക്കുന്നത്. മാംസഭുക്കുകളായ ചെടികളും ഈ പ്രദർശനത്തിലുണ്ട്.
ഗ്ളാസ് ഹൗസിനു പുറത്ത് വിവിധ പുഷ്പാലങ്കാരങ്ങളും, വിവിധയിനം ചെടികൾ, വിത്തുകൾ, പഴങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, വിവേകാനന്ദ ദർശനങ്ങളുടെ പുസ്തകങ്ങൾ, കരകൗശല വസ്തുക്കൾ മുതലായവയുള്ള അനേകം സ്റ്റാളുകൾ എന്നിവയെല്ലാം മുതിർന്നവർക്കും കുട്ടികൾക്കും മുഴുവൻ കുടുംബത്തിനും ഒരുപോലെ ഓർത്തുവെക്കാവുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു ദൃശ്യാനുഭവമായിരിക്കും.
ഫോട്ടോസ്: പ്രവാസി ഡെയിലി ടീം