പേരില്ലാ രാജ്യം ഭരിച്ചിരുന്ന പേരില്ലാ രാജാവ്… തൻറെ പ്രജകളുടെ ക്ഷേമത്തിനായി അഹോരാത്രം ചിന്തിക്കുകയും പട്ടിണി രഹിത രാജ്യമായി തന്റെ രാജ്യത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യവും ആ രാജാവിലുണ്ടായിരുന്നു… രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാജാവ് ഭക്ഷണ വിഭവങ്ങൾ നേരിട്ടെത്തിക്കാൻ തുടങ്ങി… എല്ലാ പ്രജകളും രാജാവിനെ വാനോളം പുകഴ്ത്തി… വിശപ്പില്ലാ രാജ്യത്തു, വിശപ്പിനും ഉറക്കത്തിനും ഇടയിൽ ചിന്തകൾക്ക് നാമ്പിട്ടു… ചിലർ ചിന്തകരുടെ വേഷം ധരിച്ചു രാജാവിനെ വിമർശിക്കാൻ തുടങ്ങി…”ഇങ്ങിനെ പോയാൽ എത്രനാൾ, ആളുകൾ മടിയന്മാരായിരിക്കുന്നു”. ഖജനാവ് കാലിയാവാൻ ഇനി അധിക ദൂരം ഇല്ല. വൈകാതെ ഈ വാർത്ത രാജാവിലും എത്തി. ആ കാലഘട്ടത്തിൽ ഇന്നുള്ളതുപോലെ ആശയവിനിമയ സൂത്രങ്ങൾ ഇല്ലാതിരുന്നതിനാൽ രാജാവിന് വീഡിയോയോ, സമൂഹമാധ്യമ പൊയ്ക്കാഴ്ചകൾക്കോ തരമില്ലാത്തതിനാൽ അദ്ദേഹം തന്റെ പേരില്ലാ മന്ത്രിയെ സത്യം അന്വേഷിച്ചു വിവരം എത്തിക്കാൻ ഏർപ്പാടാക്കുന്നു.
മന്ത്രി വേഷപ്രച്ഛന്നനായി ഗ്രാമങ്ങളിലൂടെ യാത്ര ആരംഭിച്ചു. നടന്നു ക്ഷീണിച്ച അദ്ദേഹം ഒരു വീടിനു മുന്നിൽ എത്തി കുറച്ചു വെള്ളം കേട്ടു. ആ വീട്ടിലെ ഗൃഹനാഥൻ അവിടെ ഒരു കട്ടിലിൽ സുഖമായി ഉറങ്ങുകയായിരുന്നു. അവിടെയുള്ള സ്ത്രീയാകട്ടെ, അടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരികുടിച്ചുകൊള്ളുവാൻ ആംഗ്യം കാണിച്ചു. പ്രജകളിലുള്ള ആലസ്യവും, കരുണയില്ലായ്മയും മന്ത്രി നേരിട്ടറിയുകയായിരുന്നു. വെള്ളമെടുക്കാൻ കിണറ്റിങ്കരയിലെത്തിയ മന്ത്രി മറ്റൊരു കാഴ്ചയും കണ്ടു. പൊതിച്ചോറുകളും ഭക്ഷണ പദാർത്ഥങ്ങളും വലിച്ചെറിഞ്ഞു പാഴാക്കിയിരിക്കുന്നു. അതിൽ ഈച്ച വന്നു പൊതിഞ്ഞിരിക്കുന്നു… മന്ത്രി തിരിച്ചു ചെന്ന് ആ വീട്ടുകാരോട് ചോദിച്ചു.
“നിങ്ങൾ എന്തിനാണ് ഇങ്ങിനെ ഭക്ഷണം പാഴാക്കുന്നത്…?”
ഉറക്കച്ചടവിലായിരുന്ന ആ ഗൃഹനാഥൻ ആ ചോദ്യം കേട്ടില്ലെന്ന വിധത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് വന്നിരുന്ന ഈച്ചകളെപോലും ആട്ടി അകറ്റാൻ മേലനങ്ങാതെ മുഖം കൊണ്ട് ഖോഷ്ട്ടികാണിച്ചു ഉറക്കം നടിച്ചു കിടക്കുന്നു.
“എല്ലാ ദിവസവും ഒരേ ഭക്ഷണം. രുചിയായി എന്തെങ്കിലും കഴിക്കാൻ വേണ്ടി ഞങ്ങൾ ചിലപ്പോൾ ഭക്ഷണം ഇവിടെ ഉണ്ടാക്കും അപ്പോൾ എന്തായാലും വെറുതെ കിട്ടുന്ന ഈ ഭക്ഷണം അത് കളയുകയേ തരമുള്ളു.” സ്തംഭിച്ചു നിന്നുപോയ മന്ത്രി സ്വയബുദ്ധി തിരിച്ചെടുത്തു അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. പിന്നീട് നാട്ടിൽ ഉടനീളം നടന്ന മന്ത്രി കണ്ടതും കേട്ടതും ഇത്തരം വാർത്തകൾ തന്നെയാണ്. നടന്നു തളർന്ന മന്ത്രി തന്റെ കുതിരയിലായി സവാരി. കാരണം ദേശങ്ങൾ ഇനിയും കണ്ട് നേരിട്ടറിയണം. അങ്ങിനെ അദ്ദേഹം ഒരു സായാഹ്നത്തിൽ ഒരു നദിയുടെ അവിടെ എത്തി. നാടെങ്ങും ഭക്ഷണ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്… ആ പുഴയുടെ തീരത്തും കാണാം ഒരു വലിയ മാലിന്യ കൂമ്പാരം. അതിൽ ഒരാൾ എന്തോ തിരയുന്നത് കണ്ട മന്ത്രി അയാളുടെ അടുത്ത് പോയി തിരക്കി.
“നിങ്ങൾ എന്താണ് തിരയുന്നത് ?”
കുതിരപ്പുറത്തിരിക്കുന്ന ആളെ കണ്ടു ഭയന്ന് ഓടാനൊരുങ്ങിയ അയാളെ മന്ത്രി തടഞ്ഞു നിർത്തി ആ ചോദ്യം വീണ്ടും ചോദിച്ചു… അയാൾ മറുപടി പറഞ്ഞു.
“വിശക്കുന്നു… വല്ലതും കഴിക്കാനായി കിട്ടുമോ എന്ന് പരതിനോക്കുകയായിരുന്നു…” ആശ്ചര്യത്തിൽ മന്ത്രി വീണ്ടും ചോദിച്ചു…
“വിശക്കുന്നോ?… അപ്പോൾ നിനക്ക് രാജാവ് നൽകുന്ന സൗജന്യ ഭക്ഷണം ലഭിക്കുന്നില്ല?”
“വീടില്ലാത്തവർക്കും, യാചകർക്കും രാജാവിന്റെ റേഷൻ ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എനിക്ക് വീടില്ല ഈ പുഴയുടെ തീരത്താണ് താമസിക്കുന്നത്.” മന്ത്രിക്ക് വീണ്ടും ആശ്ചര്യം അദ്ദേഹം വീണ്ടും ചോദിച്ചു. “അങ്ങിനെ ഒരു കൽപ്പന ആര് പുറപ്പെടുവിച്ചു?”. മന്ത്രിക്ക് ചിലതു മനസ്സിലാവുകയായിരുന്നു ആ കൂടിക്കാഴ്ചയിൽ. രാജാവ് നല്ല ഉദ്ദേശത്തിൽ തുടങ്ങിയ ഒരു പദ്ധതിയുടെ ഇടയിൽ ചിലർ അവരവരുടെ നിയമങ്ങൾ എഴുതി ചേർത്തിരിക്കുന്നു. ദൈവതുല്യനായി കണ്ടിരുന്ന രാജാവിനെ പ്രജകൾ വെറുക്കാനിടയായിരിക്കുന്നു. മന്ത്രി തന്റെ അന്നത്തെ ഭക്ഷണം ആ പാവം പ്രജക്ക് നൽകി വീണ്ടും യാത്ര തുടർന്നു. രാത്രി, പതിവുപോലെ രാജാവിന്റെ ഭൃത്യന്മാർ സൗജന്യ ഭക്ഷണം നാട്ടിലെ ആല്മരച്ചുവട്ടിലെത്തിച്ചിരിക്കുന്നു. ഭക്ഷണം വന്നതിന്റെ തിരക്കൊന്നും അവിടെ കാണാത്തതുകൊണ്ട് അദ്ദേഹം അവിടെ പോയി അന്വേഷിച്ചു.
“എന്താ ആരെയും കാണാത്തത്?.” ഉടനെ മൂന്നുപേർ അവിടെ എത്തി ആ ഭക്ഷണ പൊതികളെല്ലാം പങ്കിട്ടെടുത്തു കൈവണ്ടികളിൽ നിറക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപെട്ടു. അദ്ദേഹം ഭടന്മാരോട് അവരെ പിന്തുടരാൻ ആവശ്യപ്പെട്ടു. കൂട്ടത്തിൽ മന്ത്രിയും അവരെ പിന്തുടർന്നു. വീടുകളിൽ ആ ഭക്ഷണപ്പൊതി എത്തിക്കുന്ന അവർ അതിനു കൂലിയായി പണം വാങ്ങുന്നതും കണ്ട് ബോധ്യപ്പെട്ട മന്ത്രി. പണത്തിന്റെ അളവനുസരിച്ച് ഭക്ഷണ പൊതികളുടെ എണ്ണം കൂട്ടി നൽകുന്നതും കണ്ട് സ്തബ്ദനായി നിന്നു. മന്ത്രി ഈ കാഴ്ചകളെല്ലാം രാജാവിനെ ബോധ്യപ്പെടുത്തി. തന്റെ പ്രജകളിൽ വന്ന ഈ തെറ്റായ മാറ്റത്തിന് തന്റെ തീരുമാനമാണ് കാരണം എന്ന് മനസ്സിലാക്കിയ രാജാവ്, ഇനി മുതൽ വിശക്കുന്നവർക്ക് കൊട്ടാരവളപ്പിലുള്ള ഊട്ടുപുരയിലെത്തിയാൽ വയറു നിറയുംവരെ ഭക്ഷണം കഴിച്ചു വിശപ്പുമാറ്റി പോകാം എന്ന് ഉത്തരവിടുകയും സൗജന്യ ഭക്ഷണം കൊടുത്തുവിടുന്നത് നിർത്തലാക്കുകയും ചെയ്തു.
വാലറ്റം: നാട് അറിയാതെ, നാട്ടുകാരെ കാണാതെ തീരുമാനങ്ങൾ എടുക്കുന്നത് രാജ്യത്തെ പുരോഗതിയെക്കാൾ പുറകിലോട്ടായിരിക്കും നയിക്കുക. ഒരു തീരുമാനത്തിൽ ഉത്തരവിട്ടയാളും, അനുസരിക്കേണ്ട ആളും എന്ന ചിന്ത മാറി, തീരുമാനങ്ങളിൽ ആ പ്രതലത്തിലുള്ളവരുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നതായിരിക്കണം ഏതൊരു ഭരണാധികാരിയും മുന്നോട്ടു വയ്‌ക്കേണ്ട ആശയം. മാനസിക സന്തോഷത്തേക്കാളുപരി, സംതൃപ്തിക്ക് പ്രാധാന്യം നൽകിയാൽ നന്നെന്നു തോന്നുന്നു. വഴക്കുകളും, എതിർപ്പുകളും മാറ്റിവച്ച്, താനും ആ തീരുമാനത്തിന്റെ ഭാഗമാണെന്നു ചിന്തിച്ച്, ഗുണദോഷ സമ്മിശ്രമായ ഫലങ്ങളിൽ താനും ഉത്തരവാദിയാണെന്ന തോന്നൽ ഒരു ഉത്തമ പൗരനെ വാർത്തെടുക്കുന്നു. തുടർന്ന് ഒരു ഭരണാധികാരിയെയും.
കാണി കണ്ടൊരു കാഴ്ച്ചയാ കൂട്ടരേ…
മനസ്സിലെ കാഴ്ച്ചയ്ക്ക് വെട്ടം പോരാ…
ഇരുട്ട് വീഴും മുൻപ് കാണി നടന്നീടട്ടെ…
ഭാണ്ഡവും കൊണ്ടങ്ങു നടന്നീടട്ടെ…
എന്ന് സ്വന്തം കാണി