യു എ ഇയിൽ രണ്ട് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു

GCC News

യു എ ഇയിൽ രണ്ട് പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു. പുതിയതായി രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട രണ്ട് പേരും മുന്നേ കൊറോണാ വൈറസ് ബാധിച്ച ചൈനീസ് പൗരന്മാരുമായി അടുത്ത് ഇടപഴകിയിരുന്നവരാണ്. ഇതോടെ യു എ ഇയിൽ ആകെ 11 പേർക്ക് Covid-19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ പൂർണ്ണ സുഖം പ്രാപിച്ചിരുന്നു.

34 വയസ്സുള്ള ഒരു ഫിലിപ്പീനി വംശജനും 39 വയസ്സുള്ള ഒരു ബംഗ്ളാദേശി പൗരനുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യ സ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു. ആശങ്കകൾക്കിടയില്ലാ എന്നും, മുന്നേ രോഗം സ്ഥിരീകരിച്ചിരുന്നവരുമായി അടുത്തിടപഴകിയിരുന്ന എല്ലാവരെയും രോഗബാധയ്ക്കായി സൂക്ഷ്മപരിശോധനകൾക്ക് വിധേയരാകുമെന്നും, രോഗം പടരാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും കൈകൊണ്ടുവരുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

ആരോഗ്യ വിദഗ്‌ദ്ധരുമായി ചേർന്ന് മുന്നേ രോഗബാധ കണ്ടെത്തിയവരുമായി അടുത്തിടപഴകിയ എല്ലാ വരെയും പരിശോധിക്കുവാനും, നിരീക്ഷിക്കാനും വേണ്ട പ്രതിരോധനടപടികൾ കൈകൊള്ളാനുമുള്ള എല്ലാ നടപടികളും ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ എടുത്തിട്ടുണ്ട്. ജനങ്ങൾ ഈ രോഗബാധയെക്കുറിച്ച് ബോധവാന്മാരാകണമെന്നും ഇതിനായി ആരോഗ്യമന്ത്രാലയം അവരുടെ വെബ്‌സൈറ്റിൽ പുറത്തിറക്കിയിട്ടുള്ള Covid-19 അവബോധകുറിപ്പുകൾ വായിച്ച് ശുചിത്വവും, പ്രതിരോധ നടപടികളും പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.