സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ പുലർച്ചെ ഒരു മണിവരെ ‘പൊതുഇടം എന്റേതും‘ എന്ന പേരിൽ സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തം വിജയമായി. സ്ത്രീകൾ നിർഭയമായി അർദ്ധരാത്രിയിൽ സഞ്ചരിച്ചപ്പോൾ അവർക്ക് എല്ലാവിധ പിന്തുണയുമായി പുരുഷൻമാരും വിവിധ യുവജന സംഘടനകളും സന്നദ്ധ സംഘടനകളും രംഗത്തെത്തി. വിവിധ പ്രായത്തിലുള്ള വിവിധ മേഖലകളിൽ നിന്നുള്ളവർ രാത്രി നടത്തത്തിൽ പങ്കെടുത്തു.
രാത്രി നടത്തം വലിയ വിജയമാക്കിയ എല്ലാവരേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കുള്ള മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയും മാറ്റിയെടുക്കുക, ശല്യപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ‘സധൈര്യം മുന്നോട്ട്’ എന്ന പരിപാടിയുടെ ഭാഗമായി രാത്രി നടത്തം കാമ്പയിൻ സംഘടിപ്പിച്ചത്. കാമ്പയിൻ തുടരുമെന്ന് മന്ത്രി പറഞ്ഞു. ആഴ്ച തോറും രാത്രി നടത്തം സംഘടിപ്പിക്കും. ഇനി മുൻകൂട്ടി അറിയിക്കാതെയും രാത്രിനടത്തം ഉണ്ടാവും.
വിവിധ ജില്ലകളിലായി 8,000ത്തോളം സ്ത്രീകളാണ് രാത്രി നടത്തത്തിൽ പങ്കെടുത്തത്. 250 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. 47 സ്ഥലങ്ങളിലായി 1020 സ്ത്രീകളാണ് തൃശൂരിൽ നടന്നത്. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിലായി 946, എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856, കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസർഗോഡ് 9 സ്ഥലങ്ങളിലായി 655, ആലപ്പുഴയിൽ 23 സ്ഥലങ്ങളിലായി 576, കണ്ണൂരിൽ 15 സ്ഥലങ്ങളിലായി 512 എന്നിങ്ങനെയാണ് സ്ത്രീകൾ രാത്രി നടന്നത്. ബാക്കി ജില്ലകളിൽ 500 ൽ താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തമുണ്ടായത്.
പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകളുടേയും വനിതാ സംഘടനകളുടേയും വോളന്റിയർമാരുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാർത്ഥ്യമാക്കിയത്. രാത്രി നടത്തത്തിൽ പങ്കെടുത്ത സ്ത്രീകളെ ശല്യപ്പെടുത്തിയത് 5 പേർ മാത്രമാണ്. അതിൽ തന്നെ കേസെടുക്കേണ്ടി വന്നത് രണ്ടെണ്ണത്തിൽ മാത്രം. കോട്ടയത്ത് മൂന്നും കാസർഗോഡ് രണ്ടും തിരുവനന്തപുരത്ത് ഒരു സംഭവവുമാണ് ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ അകലം പാലിച്ച് നടന്നു പോയ സ്ത്രീകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ആളെയാണ് പിടികൂടിയത്. കൈയിലുണ്ടായിരുന്ന വിസിൽ ഊതിയതോടെ എല്ലാവരും ഓടിയെത്തി ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു. കാസർഗോഡ് പുറകേ നടന്ന് ശല്യം ചെയ്തയാളേയും പിടികൂടി പോലീസിലേൽപ്പിച്ചു. ഈ രണ്ട് സംഭവത്തിലുമാണ് കേസെടുത്തത്. കാസർഗോഡ് ഒരാൾ കാറിൽ പിന്തുടരുകയും കോട്ടയത്ത് ശല്യപ്പെടുത്താനുള്ള ശ്രമവുമാണ് ഉണ്ടായത്.
മാർച്ച് 8 വരെ തുടർച്ചയായി രാത്രി നടത്തം ഉണ്ടായിരിക്കും. അടുത്തഘട്ടത്തിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങൾ ഫോട്ടോ സഹിതം പുറത്ത് വിടും.
“പകൽവെളിച്ചത്തിലെന്ന പോലെ കരുതലായീടണം…”
രാത്രി ഒരു സ്ത്രീ ഇറങ്ങി നടക്കുന്നതെന്തിനാ!! എന്ന് ചിന്തിക്കേണ്ടുന്ന കാലഘട്ടമല്ല ഇന്ന്… അണുകുടുംബരീതിയും, തൊഴിലിട സമയക്രമീകരണ രീതിയിലും, അയല്പക്കങ്ങളിലുള്ളവരെ പോലും അറിയാത്ത ഫ്ലാറ്റ് ജീവിതവും കൂടിവരുന്ന ഈ കാലത്ത് സ്ത്രീയ്ക്ക് പലപ്പോഴും പുരുഷനോളം തന്നെയും അല്ലങ്കിൽ അതിലൊരു പടി മുകളിലും ധൈര്യം സംഭരിച്ചേ മതിയാകൂ… പകൽവെളിച്ചത്തിൽ പോലും തുറിച്ചു നോട്ടത്തിന്റെയും, സമ്മതമില്ലാത്ത സ്പർശനത്തെയും ഭയന്ന് സ്ത്രീ യാത്ര ചെയ്യുന്ന ഈ കാലഘട്ടത്തിൽ അവർക്കരികിലുള്ളവർ അവരുടെ സഹോദരനായും, സംരക്ഷകനായും മാറേണ്ടുന്ന നല്ല ആശയത്തെ മുൻനിർത്തിയുള്ള ഒരു തുടക്കമായി ‘സധൈര്യം മുന്നോട്ട്’ എന്ന രാത്രി നടത്തം കാമ്പയിനിനെ നമ്മൾക്ക് കാണാം… നമ്മുടെ പ്രതിനിധി ഹാംലെറ്റ് കൊച്ചിയിൽ നിന്നും ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്ന പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് തയ്യാറാക്കിയ റിപ്പോർട്ടും ചിത്രങ്ങളും താഴെ ഉള്ള ലിങ്കിൽ ലഭ്യമാണ്….