ഓൺലൈനിലൂടെ പടർന്ന് പിടിക്കുന്ന അത്യന്തം അപകടകരമായ “സ്കൾ ബ്രേക്കർ ചലഞ്ച്” എന്ന ഗെയിമിങ്ങ് ചലഞ്ചുകളിലെ പതിയിരിക്കുന്ന ആപത്തുകളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണത്തിനായി ദുബായ് പോലീസ്. സ്കൂൾ അധികൃതരും, രക്ഷിതാക്കളും ഈ വിപത്തിനെ കുറിച്ച് മനസ്സിലാക്കാനും ശരിയായ രീതിയിൽ കുട്ടികളെ ഇതിന്റെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ മനസ്സിലാക്കികൊടുക്കാനും ആഹ്വനം ചെയ്തുകൊണ്ടുള്ളതാണ് ഈ മുന്നറിയിപ്പ്.
ടിക് ടോക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം ഗെയിമിങ്ങ് ചലഞ്ചുകളിൽ കുട്ടികൾ പങ്കെടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ സ്കൂളുകളിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോട് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുപേർ നിൽക്കുന്നതിൽ നടുവിലെ ആൾ മുകളിലോട്ട് ചാടുകയും, തിരിച്ചെത്തി കാലുകുത്തുന്നതിനു മുൻപ് മറ്റു രണ്ടുപേർ ഇയാളുടെ കാലുവാരുന്നതുമാണ് അപകടകരമായ സ്കൾ ബ്രേക്കർ ചലഞ്ചിന്റെ പശ്ചാത്തലം. മറിഞ്ഞു വീഴുന്ന ആളുടെ തലയുടെ പിൻഭാഗം നിലത്തടിച്ച് അതീവ ഗുരുതരമായ അപകടങ്ങൾ വരുത്തിവെക്കാനുള്ള സാധ്യതകൾ ഇത്തരം പ്രവർത്തികളിൽ വളരെ കൂടുതലാണ്.
വിദ്യാർത്ഥികളോട് ഇത്തരം പ്രവർത്തികളുടെ ഭാഗമാകരുതെന്നും, ഇത്തരം പ്രവണതകൾ തടയാനായി പോലീസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികളുടെ സുരക്ഷയ്ക്കായുള്ള മാർഗ്ഗങ്ങൾ കൈക്കൊള്ളുമെന്നും സ്കൂൾ സുരക്ഷാ പദ്ധതികളുടെ തലവനും ദുബായിലെ അൽ റാഷിദിയ പോലീസ് സ്റ്റേഷൻ ഡയറക്ടറുമായ ബ്രിഗേഡിയർ സയീദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് അറിയിച്ചു.