ഏകത്വശക്തി…

Ezhuthupura

സ്വതന്ത്ര ഭാരതം ഇന്ന് എഴുപത്തൊന്നാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുകയാണ്… ഏതൊരു ഭാരതീയനെപോലെയും ഞാനും അതിൽ അഭിമാനം കൊള്ളുന്നു… ഇത്തരം ദിനങ്ങൾ അതിന്റെ സൂക്ഷ്മ തലങ്ങൾ മറന്നുകൊണ്ട് വെറും ആഘോഷങ്ങളും, കച്ചവടസന്ദർഭങ്ങളും മാത്രം ആയിമാറുന്നു എന്ന തോന്നലായിരിക്കാം ഈ കുറിപ്പിന് കാരണം… സ്വാതത്ര്യം ലഭിച്ചു 72 കൊല്ലം പിന്നിട്ടിട്ടും നാനാത്വത്തിൽ ഏകത്വം എന്ന ചിന്തയെ ഊട്ടിയുറപ്പിക്കാൻ രാഷ്ട്രീയ, സാമുദായിക, സാമൂഹിക ചേരിതിരിവുകൾ അനുവദിക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നു… എല്ലാത്തിനോടുമുള്ള എതിർപ്പും, എതിരഭിപ്രായങ്ങളും അതിനു ലഭിക്കുന്ന താൽക്കാലിക സ്വീകാര്യതയും  ഈ വ്യവസ്ഥിതിയെ മാറ്റാൻ ഉതകുന്ന ഒന്നല്ല എന്ന ചിന്ത പങ്കിടുന്നു…

മനുഷ്യത്വമാണ് മനുഷ്യകുലത്തിന്റെ നിലനില്പിനുള്ള ആധാരം, അവനവനു വേണ്ടിയല്ലാതെ സമൂഹത്തിനു വേണ്ടി കുറെ മഹാരഥന്മാർ പൊരുതി നേടിയ സ്വാതത്ര്യത്തിലിരുന്നാണ് നമ്മൾ ഓരോ ഭാരതീയരും മേനി പറയുന്നതെന്നോർക്കണം… ഓരോ ഭാരതീയനും രാഷ്ട്ര ചിന്തയിലും, ഭരണ സംവിധാനത്തിലും തുല്യ അധികാരവും, നീതിന്യായ വ്യവസ്ഥയിൽ തുല്യരാണെന്ന വിശാല ചിന്തയിൽനിന്നും ഉണ്ടായ ഒരു വലിയ അർത്ഥമാണ് റിപ്പബ്ലിക്ക്… നിലനിൽപ്പിനായി സ്വയം തെറ്റിദ്ധരിപ്പിച്ചു മറ്റുള്ളവരെയും അതങ്ങിനെയാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയം; രാഷ്ട്രത്തിനു കൊടുക്കുന്ന സംഭാവന എന്തെന്ന് ആലോചിക്കുക. ജനങ്ങളാൽ കെട്ടിപ്പടുത്ത നമ്മുടെ രാഷ്ട്ര ഭരണ സംവിധാനവും അവിടെ സാധാരണ ജനസമൂഹത്തിനും, ജന പ്രതിനിധിക്കുമുള്ള നീതിവ്യത്യാസം നോക്കിയാൽ നമ്മൾ വിശാലമായ റിപ്പബ്ലിക്ക് എന്ന പദത്തിന്റെ അർഥം മറന്നു പോയതായി കാണാം… 

കളവുകൾ പറഞ്ഞോളൂ, മോഷണം നടത്തിക്കോളൂ, പക്ഷെ അതെല്ലാം രാഷ്ട്രീയമാണെന്നു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുത്…നിങ്ങളുടേതല്ലാത്ത എന്തും നിങ്ങളുടേതെന്നു കരുതുന്നതിനെ വിളിക്കുന്ന ചുരുക്കപ്പേരാണ് “കളവ്”… അതിനെ ഒന്നുകൂടി ലഘൂകരിച്ചു വലിയ കളവുകളെ അഴിമതികൾ എന്ന് വിളിച്ചു വെള്ളപൂശിയാൽ അതിനെ രാഷ്ട്രീയ കവചംകൊണ്ടു മറയ്ക്കാൻ  എളുപ്പമായിത്തോന്നാം… അന്നന്നത്തെ അന്നത്തിനായി അലയുന്ന പൊതുജനം ഇന്ന് വാർത്തകൾ ഒരു തമാശയായി കണക്കാക്കുന്നതും ഇവർക്കൊരു തണലായി തോന്നിയിരിക്കാം…

തെറ്റിദ്ധരിക്കപ്പെടുന്ന നമ്മുടെ അടിസ്ഥാന അധികാരങ്ങൾ: എന്തുവേണമെങ്കിലും സംസാരിക്കാമെന്ന സംസാര സ്വാതത്ര്യം, അടിച്ചമർത്തുന്നവരെ കാണാതെ അടിച്ചമർത്തുന്നതിനെതിരെയുള്ള അധികാര ഭാഷണവും അടിച്ചമർത്തപ്പെടുന്നവരെ നോക്കി ഇത്രയൊക്കെയേ പറ്റൂ എന്ന ഗോഷ്ടിയും, വിദ്യാഭ്യാസത്തിനുള്ള ജാതി, മത, വർണ്ണ വിവേചനമില്ലാത്ത അവസരാധികാരം… ബാലവേലകളും, ചൂഷിതരാകുന്ന കുട്ടികളുടെ കണക്കുകളും ഈ ധാരണയും തെറ്റിപ്പോയെന്നു ചിന്തിപ്പിക്കാൻ സഹായിക്കുമായിരിക്കും… GDP മുന്നോട്ടുപോകുന്നത് പറഞ്ഞു ഇതും മറയ്ക്കാൻ ശ്രമിക്കാതിരുന്നാൽ കാണാനാകും… തട്ടുകളായി തിരിച്ചിട്ടും തുല്യരാണെന്ന വ്യാഖ്യാനം…തുല്യതാവകാശവും പേരിലൊതുക്കുന്നു…

നമുക്ക് മുന്നേ മൺമറഞ്ഞുപോയ കളങ്കിതരല്ലാത്ത സ്വതന്ത്ര ഭാരതമെന്ന സ്വപ്നം മാത്രം കണ്ട മഹാത്മാക്കൾ ആഗ്രഹിക്കുന്നത് ഇത്തരത്തിലായിരിക്കില്ല, അവരുടെ ആത്മാക്കളെ മുറിവേൽപ്പിക്കുന്നതായിരിക്കാം നമ്മുടെ ഇടയിലെ വിവേചനങ്ങൾ… അന്ന് നമ്മൾ ഏറ്റുമുട്ടിയിരുന്നത് പുറത്തുനിന്നും വന്ന ഒരു ശക്തിയോടായിരുന്നെങ്കിൽ ഇന്ന് ആശയ സംഘർഷങ്ങൾ ഉണ്ടാകുന്നത് സ്വതന്ത്ര ഭാരതത്തിന്റെ ഹൃദയത്തിൽ നിന്നാണ്… ഭക്ഷണം, പാർപ്പിടം , വിദ്യാഭ്യാസം, ഇവയുടെ പേരിൽ കടം വാങ്ങുന്നത് അർഹതപ്പെട്ട വയറുകൾക്ക് ലഭിക്കുന്നുണ്ടോ എന്നുകൂടി നോക്കി ചിട്ടപ്പെടുത്താൻ നമ്മുടെ രാഷ്ട്ര നേതാക്കൾക്ക് കഴിയട്ടെ… സമൂഹം കൂട്ടായി നിന്നാൽ പരിഹരിക്കാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ നമ്മുടെ നാട്ടിലുണ്ട്… അതിനെല്ലാം രാഷ്ട്രീയ നിറം കൊടുക്കുന്നത് ശ്രദ്ധയോടെ തള്ളിക്കളഞ്ഞാൽ അത്തരം ജന നന്മക്കായുള്ള പദ്ധതികൾ വിജയിച്ചേക്കാം… ഏകത്വത്തിൽ നാനാത്വം കൊണ്ടുവരാതെ നമുക്കൊന്നായി നിലനിൽക്കാം… ഭാരതീയം എന്നത് ഒരു വികാരമാണ്, അത് വെറും തോന്നലായി മാറാതിരുന്നാൽ നമ്മുടെ രാജ്യം എന്നും ഒരു വലിയ റിപ്പബ്ലിക്ക് ആയി ശോഭിക്കും…

ഇന്നത്തെ നമ്മുടെ വർണാഭമായ സ്വാതത്ര്യം കാണാതെ അതിനു വേണ്ടി അഹോരാത്രം പൊരുതി മണ്മറഞ്ഞ എല്ലാ ആത്മാക്കൾക്കും എളിയ പ്രണാമം…

നടക്കട്ടെ….

രാഹുൽ ദാസ്, ബംഗളൂരു

Leave a Reply

Your email address will not be published. Required fields are marked *