നിങ്ങൾക്ക് ദുബായിൽ ട്രാഫിക് ഫൈനുകൾക്ക് എങ്ങിനെ ഇളവുകൾ നേടാം?

GCC News

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴതുകകളിൽ വിവിധ ഇളവുകൾ നൽകുന്ന പദ്ധതി 2020 ഫെബ്രുവരി 6 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ ഈ ഇളവുകൾ എങ്ങിനെ നേടാം എന്ന് പരിശോധിക്കാം. ഒരു ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട ശേഷം നിങ്ങളുടെ ഡ്രൈവിംഗ് ശൈലി സുരക്ഷ മുൻനിർത്തിയുള്ളതും അതീവ ശ്രദ്ധയോടെയുമാണെങ്കിൽ 100% വരെ നിലവിലെ പിഴതുകകളിൽ ഇളവ് നേടാവുന്ന ഈ പദ്ധതിക്ക് 2019-ൽ മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ വർഷം ഏതാണ്ട് 557,430 ഡ്രൈവർമാർ ഈ പദ്ധതിയുടെ ഭാഗമായി ഇളവുകൾ നേടിയിരുന്നു.

നിലവിൽ ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട ഒരു ഡ്രൈവറുടെ അടുത്ത ഒരു വർഷത്തെ റോഡിലെ ഡ്രൈവിംഗ് ശൈലി അനുസരിച്ചായിരുന്നു ഈ പിഴ ഇളവുകൾ നൽകിയിരുന്നത്. മൂന്നുമാസം യാതൊരു നിയമലംഘനവും നടത്താത്ത വാഹനങ്ങൾക്ക് പിഴത്തുകയുടെ 25 ശതമാനവും, 6 മാസത്തേക്ക് 50 ശതമാനവും, 9 മാസത്തേക്ക് 75 ശതമാനവും, ഒരു വർഷം മുഴുവൻ ഗതാഗതലംഘനം നടത്താത്ത വാഹനങ്ങൾക്ക് 100 ശതമാനവും ആണ് നിലവിൽ ഈ പദ്ധതിപ്രകാരമുള്ള ഇളവുകൾ.

  • ദുബായിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ ഈ പദ്ധതിപ്രകാരം പിഴതുകകളിൽ ഇളവുകൾ ലഭിക്കുക. സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലും, ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ പേരിലും രെജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് ഈ ഇളവുകൾ ബാധകമല്ല.
  • അതുപോലെ ദുബായിൽ നിന്നും ചുമത്തപ്പെടുന്ന പിഴതുകകളിൽ മാത്രമായിരിക്കും ഈ ഇളവുകൾ ഉണ്ടായിരിക്കുക. മറ്റു എമിറേറ്റുകളിലേക്ക് ഈ പദ്ധതി ഇതുവരെ ലഭ്യമല്ലാത്തതിനാൽ, മറ്റു എമിറേറ്റുകളിൽ നിന്നുള്ള ട്രാഫിക് പിഴകൾൾക്ക് ഇളവുകൾ ഉണ്ടായിരിക്കുന്നതല്ല.
  • ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട തിയ്യതിയ്ക്ക് ശേഷം തുടരെ മൂന്ന് മാസം യു എ ഇയ്ക്ക് പുറത്ത് താമസിച്ച ഡ്രൈവർമാർക്ക് ഈ ഇളവുകൾ ബാധകമല്ല.
  • ഗതാഗത ലംഘനങ്ങളുടെ ഭാഗമായി വാഹനങ്ങൾ പിടിച്ചെടുത്തിട്ടുള്ള പിഴകളിലും, ട്രാഫിക് പോയിന്റുകൾ ചുമത്തപ്പെട്ട പിഴകളിലും ഈ ഇളവുകൾ ലഭ്യമാണ്.
  • പാർക്കിങ് ഫൈനുകൾക്കും, സാലിക് ഇനത്തിൽ വരുന്ന ഫൈനുകൾക്കും ഈ ഇളവുകൾ ബാധകമല്ല.
  • ഈ പദ്ധതിയുടെ ഭാഗമായി പിഴകൾ അടയ്ക്കാതെ തന്നെ വാഹനങ്ങൾ റീ-രെജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.
  • നിങ്ങൾ പിഴതുകകൾ അടയ്ക്കാൻ തീരുമാനിക്കുമ്പോൾ, ഇളവുകൾക്ക് നിങ്ങൾ അർഹനാണെങ്കിൽ, അത് വരെയുള്ള നിങ്ങളുടെ ഇളവുകൾ കണക്ക് കൂട്ടി ആ തുക കിഴിച്ചതായിരിക്കും പിഴ ഈടാക്കുക. ഓൺലൈൻ വഴി പിഴതുകകൾ ഒടുക്കുമ്പോളും ഇതേ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും തുക ഈടാക്കുക.

1 thought on “നിങ്ങൾക്ക് ദുബായിൽ ട്രാഫിക് ഫൈനുകൾക്ക് എങ്ങിനെ ഇളവുകൾ നേടാം?

Comments are closed.