കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രവാസി ഭാരതീയ ഭീമാ യോജന വളരെ നല്ല ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണെങ്കിലും ഗുണഭോക്താക്കളിൽ ക്ലെയിം ചെയ്തവർ തന്നെ കുറവും ഇൻഷൂറൻസ് കമ്പനികൾ നൽകിയ ആനുകൂല്യങ്ങൾ വളരെ കുറവുമാണെന്ന് പാർലെമെൻറ് രേഖകൾ വെളിപ്പെടുത്തുന്നു.
02.03.2020 ൽ പാർലെമെൻറിൽ BJP അംഗം C R പാട്ടീലിൻ്റെ ചോദ്യത്തിന് മറുപടിയായി ധനകാര്യ മന്ത്രി നൽകിയ വിവരങ്ങളിലാണ് നിരാശാജനകമായ കാര്യങ്ങൾ.
പാർലെമെൻറിൽ പറഞ്ഞ കാര്യങ്ങൾ:
- 2014- 2019 കാലയളവിൽ ഇൻഷൂറൻസ് പദ്ധതിയിൽ ചേർന്നവർ; 33,32, 497
- ക്ലെയിം ചെയ്തത് 1,190 മാത്രം.
- ക്ലെയിം സ്വീകരിച്ചത് 540
- ക്ലെയിം നിരസിച്ചത് 604
- മൊത്തം നിരസിച്ച ക്ലെയിമുകളിൽ മരണവുമായി ബന്ധപ്പെട്ടത് 433 എണ്ണം !
പ്രവാസി ഭീമാ യോജന പ്രകാരമുള്ള ക്ലെയിമുകൾ എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോഴും ഇത്തരം പ്രവണത തുടരുന്നത് നിരാശാജനകം തന്നെ. ഈ അവസരത്തിൽ പ്രവാസി ക്ഷേമത്തിൽ പ്രവർത്തിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
- ഈ ഇൻഷൂറൻസ് ഇ. സി.ആർ കാറ്റഗറിയിൽ വരുന്നവർക്ക് നിർബന്ധവും ഇ.സി. എൻ. ആർ കാറ്റഗറിയിൽ പെടുന്നവരിലെ ഭൂരിപക്ഷം പേർക്കും ഐഛികവുമായി എടുക്കാവുന്നതാണ്. ഇ.സി.ആർ കാറ്റഗറിയിൽ പെടുന്നവർ ഏജൻറ് മുഖാന്തരവും മറ്റും കയറി വരുമ്പോൾ തങ്ങൾ ഈ ഇൻഷൂറൻസ് പോളിസി ഉടമകളാണെന്ന് പോലും അറിയില്ല. ഇത്തരം ആളുകൾക്ക് പോളിസിയെ കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം നൽകാൻ സാധിക്കണം.
- എന്ത്കൊണ്ടാണ് ഇത്രയധികം പോളിസികൾ നിരസിക്കാൻ കാരണമായെതെന്നും അതിൽ തന്നെ മരണാനന്തര ആനുകൂല്യത്തിൽ പെട്ട 433 പേരുടെ ആനുകൂല്യങ്ങൾ നിരസിക്കാനുള്ള കാരണങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തേണ്ടതും അനിവാര്യമാണ്. ഈ പോളിസി പ്രകാരം അപകട മരണം സംഭവിച്ചാൽ 10,00,000/- ( പത്ത് ലക്ഷം രൂപ) യാണ് ആനുകൂല്യം ലഭിക്കേണ്ടത്.
- നിരസിച്ച അപേക്ഷകൾ സ്വീകരിച്ച അപേക്ഷയേക്കാൾ കൂടിയത് പ്രഥമ ദൃഷ്ട്യാ അസാധാരണമായി തോന്നുന്നു.
- ഇത്തരം പ്രവണതകൾ അർഹരായ പ്രവാസികൾ പദ്ധതിയിൽ ചേരുന്നതിന് വിമുഖത കാണിക്കാൻ കാരണമായി തീരും.
- സർക്കാറിൻ്റെ ഇടപെടലുകൾക്കായി പ്രവാസി സംഘടനകൾ ശ്രമം നടത്തേണ്ടതുണ്ട്.
തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി